അമിത ശേഷിയുള്ള മയക്കുഗുളിക എഴുതി നൽകണമെന്നാവശ്യപ്പെട്ട് ഡോക്ടറെ കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവാവ്. മലപ്പുറം താലൂക്ക് ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ ആശുപത്രിയിലെത്തിയ യുവാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജദീർ അലിയോട് അമിതശേഷിയുള്ള മയക്കുഗുളിക എഴുതി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. ഡോകടർ വിസമ്മതിച്ചതോടെ കത്തിയെടുത്ത് ഭീഷണയപ്പെടുത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മയക്കുഗുളിക ആവശ്യപ്പെട്ടപ്പോൾ, മാനസികാരോഗ്യ വിദഗ്ധനെ കാണാൻ ഡോക്ടർ നിർദേശിച്ചു. എന്നാൽ യുവാവ് പോകാൻ തയാറായില്ല, പിന്നീട് ഡോക്ടർ വിറ്റാമിൻ ഗുളിക എഴുതി നൽകി. ശേഷം കുറിപ്പുമായി പുറത്തുപോയശേഷം യുവാവ് തിരികെയെത്തിയാണ് ഡോസ് കൂടിയ മരുന്ന് എഴുതി നൽകണമെന്നാവശ്യപ്പെട്ട് കത്തിയെടുത്ത് ഭീഷണിപ്പെടുത്തിയത്.
പിന്നാലെ ഡോക്ടർ മാനസികാരോഗ്യ വിദഗ്ധനെ കാണാനുള്ള കുറിപ്പടി എഴുതി നൽകുകയും ഇതുംവാങ്ങി ആൾ പോവുകയും ചെയ്തു. ഇതിനിടെ വിവരം ആശുപത്രിയിലുള്ളവർ പൊലീസിലറിയിച്ചു. പൊലീസെത്തുമ്പോഴേക്കും ആൾ സ്ഥലംവിട്ടു. വ്യാഴാഴ്ച താലൂക്കാശുപത്രി സൂപ്രണ്ട് പോലീസിൽ രേഖാമൂലം പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Post a Comment