കൊച്ചി : കുറ്റകൃത്യത്തിനു ലഭിക്കേണ്ട തടവുശിക്ഷയുടെ പകുതിയിലേറെ കാലം വിചാരണത്തടവുകാരായി ജയില്‍ കഴിഞ്ഞവരെ എത്രയും വേഗം മോചിപ്പിക്കണമെന്നു സുപ്രീം കോടതി. ആദ്യമായി കുറ്റം ചെയ്ത കൃത്യമാണെങ്കില്‍ മാത്രമാണു ഇൗ ഇളവു നല്‍കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത നിലവില്‍ വന്ന കഴിഞ്ഞ ജൂലൈ ഒന്നിനു മുമ്പു രജിസ്റ്റര്‍ ചെയ്ത കേസാണെങ്കിലും ഇതു ബാധകമാണ്.
ഇതുവരെ മോചിപ്പിച്ച റിമാന്‍ഡ് തടവുകാരുടെ വിവരങ്ങളും, മോചനം അഭ്യര്‍ഥിച്ചു സര്‍ക്കാരിലേക്കു കൊടുത്തിട്ടുള്ള അപേക്ഷകളുടെ എണ്ണവും ഉള്‍പ്പെടെയുള്ള വിശദമായ സത്യവാങ്മൂലം നല്‍കാനും സംസ്ഥാന ചീഫ് സെക്രട്ടറിയോടു നിര്‍ദേശിച്ചു. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം.
കേരളത്തില്‍ എല്ലാ ജയിലിലും ശേഷിയുടെ ഇരട്ടിയിലധികം തടവുകാരെ പാര്‍പ്പിച്ചിരിക്കുന്നതില്‍ സുപ്രീം കോടതി അമ്പരപ്പ് പ്രകടിപ്പിച്ചു. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത എടുത്തുപറഞ്ഞ സുപ്രീം കോടതി ഇക്കാര്യത്തില്‍ മനുഷ്യാവകാശ ലംഘനമുണ്ടെന്നും ചൂണ്ടിക്കാട്ടി. രാജ്യത്തെ ജയിലുകളിലെ ശോച്യാവസ്ഥ സംബന്ധിച്ചു സുപ്രീംകോടതി സ്വമേധയാ എടുത്തിരിക്കുന്ന കേസിലാണു കേരളത്തിലെ ജയിലുകളിലെ അവസ്ഥയും കോടതി മുമ്പാകെയെത്തിയത്.
റിമാന്‍ഡ് തടവുകാരുടെ ബാഹുല്യം കാരണം കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ജയിലുകള്‍ തിങ്ങിനിറഞ്ഞ സ്ഥിതിയാണ്. കേരളത്തിലെ ജയിലുകളിലെ 61 ശതമാനം തടവുകാരും വിചാരണ തടവുകാരാണ്. നിലവിലെ നിയമപ്രകാരം എവിടെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ അവിടത്തെ സബ്ജയിലില്‍ പാര്‍പ്പിക്കണമെന്നാണു ചട്ടം. ഇതുകാരണം തിരക്കു കുറഞ്ഞ ജയിലുകളിലേയക്കു മാറ്റാനും കഴിയാത്ത സ്ഥിതിയാണ്.
വിചാരണ കാലാവധിയില്‍ തടവില്‍ ദീര്‍ഘകാലം കഴിയേണ്ടിവരുന്ന സാഹചര്യം ഉണ്ടാവരുതെന്നാണു സുപ്രീം കോടതി നിലപാട്. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണം. ജയില്‍ മോചിതരാവുന്ന തടവുപുള്ളികളുടെ പുനരധിവാസം, തടവുകാര്‍ അപ്പീല്‍ സമര്‍പ്പിക്കാന്‍ എടുക്കുന്ന കാലതാമസം എന്നിവയും കോടതി ചൂണ്ടിക്കാട്ടി.
കേരളത്തില്‍ വിചാരണത്തടവുകാരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ഹൈക്കോടതിയും ആശങ്ക രേഖപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ഒന്നാംപ്രതി പള്‍സര്‍ സുനി വിചാരണ തടവുകാരനായി ജയിലിലായിട്ടു ഏഴുവര്‍ഷമായി. ഇതുവരെ വിസ്താരം പൂര്‍ത്തിയായിട്ടില്ല.
Post a Comment