Join News @ Iritty Whats App Group

മണിപ്പൂരിൽ സംഘർഷ സാഹചര്യം; അഞ്ച് ജില്ലകളിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി, കർഫ്യൂ തുടരുന്നു

ന്യൂഡൽഹി: മണിപ്പൂരിൽ സംഘർഷ സാഹചര്യം വീണ്ടും രൂക്ഷമാകുന്നതിനിടെ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. സംസ്ഥാന പോലീസ് മേധാവിയെ മാറ്റണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധ മാർച്ചിനിടെ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയതിന് പിന്നാലെയാണ് നടപടി. ആദ്യം സംസ്ഥാനത്താകെ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തുമെന്ന് അറിയിച്ചെങ്കിലും പിന്നീട് അഞ്ച് ജില്ലകളിൽ മാത്രമായി ചുരുക്കുകയായിരുന്നു.



കൂടാതെ ഇംഫാൽ ഈസ്‌റ്റ്, വെസ്‌റ്റ് ജില്ലകളിൽ കർഫ്യൂവും തൗബാലിൽ നിരോധന ഉത്തരവുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ചില മേഖലകളിൽ അത്യാധുനിക ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങൾ നടന്നതിന് പിന്നാലെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. മണിപ്പൂരിൽ ഡ്രോൺ, റോക്കറ്റ് ആക്രമണങ്ങളിൽ ഉൾപ്പെടെ കുറഞ്ഞത് എട്ട് പേർ മരിക്കുകയും 12ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.



ഇന്ന് പുലർച്ചെ രാജ്ഭവനിലേക്ക് മാർച്ച് നടത്തവേ വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെടെ പോലീസുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് സുരക്ഷാ സേന കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചിരുന്നു. ഡിജിപിയെയും മണിപ്പൂർ സർക്കാരിൻ്റെ സുരക്ഷാ ഉപദേഷ്‌ടാവിനെയും മാറ്റണമെന്ന ആവശ്യവുമായാണ് വിദ്യാർത്ഥികൾ ഉൾപ്പെടെ തെരുവിൽ ഇറങ്ങിയത്.



ഇന്നലെ മുതൽ ഖ്വൈരംബന്ദ് വനിതാ മാർക്കറ്റിൽ ക്യാമ്പ് ചെയ്‌ത നൂറുകണക്കിന് വിദ്യാർത്ഥിനികൾ ബിടി റോഡിലൂടെ രാജ്ഭവനിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ചെങ്കിലും കോൺഗ്രസ് ഭവന് സമീപം സുരക്ഷാ സേന ഇവരെ തടയുകയായിരുന്നു. തുടർന്നാണ് പ്രതിഷേധം ഏറ്റുമുട്ടലിലേക്ക് വഴിമാറിയത്. ഇതോടെ വീണ്ടും സംസ്ഥാനത്ത് അശാന്തി പടരുകയാണ്.



സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നാൽപതോളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് പോലീസ് അറിയിക്കുന്നത്. പോലീസുകാർക്കും ഇതിൽ പരിക്കേറ്റിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വീണ്ടും വിദ്യാർത്ഥി പ്രക്ഷോഭവും സോഷ്യൽ മീഡിയ അടക്കമുള്ളവയുടെ ദുരുപയോഗവും തടയുന്നതിനായാണ് ഇന്റർനെറ്റ് ഉപയോഗം തടഞ്ഞത്.



അതേസമയം, വംശീയ കലാപം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അസം റൈഫിൾസിന്റെ ചില യൂണിറ്റുകൾക്ക് പകരമായി 1000 പേർ വീതമുള്ള സിആർപിഎഫിന്റെ രണ്ട് പുതിയ ബറ്റാലിയനുകൾ എത്തുമെന്നാണ് സൂചന. തെലങ്കാനയിലെ വാറങ്കലിൽ നിന്നുള്ള ബറ്റാലിയൻ നമ്പർ 58, ജാർഖണ്ഡിലെ ലത്തേഹാറിൽ നിന്ന് 112 നമ്പർ ബറ്റാലിയൻ എന്നിവയാവും മണിപ്പൂരിൽ പകരം ചുമതല ഏറ്റെടുക്കുക.



ജമ്മു കശ്‌മീരിലെയും വടക്കുകിഴക്കൻ പ്രദേശങ്ങളിലെ മറ്റ് ചില ഭാഗങ്ങളിലെയും പ്രവർത്തന ചുമതലകൾക്കായി മണിപ്പൂരിൽ നിന്ന് രണ്ട് അസം റൈഫിൾസ് ബറ്റാലിയനുകൾ പിൻവലിച്ചതിനെ തുടർന്നാണ് സിആർപിഎഫ് ബറ്റാലിയനുകൾക്ക് പകരം ചുമതല നൽകുന്നതെന്നാണ് കേന്ദ്രവുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.



കഴിഞ്ഞ വർഷം മെയ് മുതൽ ആരംഭിച്ച വംശീയ സംഘർഷത്തിൽ 200-ലധികം ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർ ഭവനരഹിതരാവുകയും ചെയ്‌തുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നത് ഇതിന് ശേഷം ഇതുവരെയും ഇവിടുത്തെ സാഹചര്യങ്ങൾ പഴയ നിലയിലേക്ക് തിരികെ കൊണ്ട് വരാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ഖേദകരമായ കാര്യം.

Post a Comment

Previous Post Next Post
Join Our Whats App Group