Join News @ Iritty Whats App Group

പണയം വെച്ചിരുന്ന സ്വർണവുമെടുത്ത് വരുന്നതിനിടെ ചായ കുടിക്കാൻ കയറി, പണം താഴെ വീണെന്ന് പറഞ്ഞ് ഒരാളെത്തി; വൻ കൊള്ള

പൂനെ: പണയം വെച്ചിരുന്ന സ്വര്‍ണ്ണം തിരിച്ചെടുത്ത് ബാങ്കില്‍ നിന്നു മടങ്ങുകയായിരുന്ന വൃദ്ധ ദമ്പതികളെ കൊള്ളയടിച്ച് പൂനെയില്‍ കവര്‍ച്ചാ സംഘം. ദമ്പതികള്‍ ചായ കുടിക്കാനിറങ്ങിയ സമയത്ത് വാഹനത്തിന് പുറകില്‍ പണം വിണുകിടക്കുന്നതായി പറഞ്ഞ് ശ്രദ്ധ തിരിച്ചായിരുന്നു ആസൂത്രിതമായ കവര്‍ച്ച നടന്നത്. സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൂനെ പോലീസ് അന്വേഷണം തുടങ്ങി.

സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച ദശ്രഥ് ധാമാന്റെയും ഭാര്യ കമലാഭായിയുടെയും അഞ്ച് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് കവർന്നത്. സ്വർണം ബാങ്കില്‍ നിന്നെടുത്ത് തിരികെ പോകുന്നതിനിടെ പുനെ ഷെലെവാഡിയില്‍ സ്കൂട്ടര്‍ നിർത്തി ചായകുടിക്കാന്‍ ദശ്രഥ് കടയില്‍ കയറി. കമലാ ഭായി അദ്ദേഹത്തെ കാത്ത് സ്കൂട്ടറിനടുത്ത് സ്വര്‍ണ്ണവുമായി നിന്നു അപ്പോഴാണ് കവര്‍ച്ച നടന്നത്.

മോഷ്ടാക്കളിലൊരാൾ സ്കൂട്ടറിനടുത്ത് നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. പിന്നാലെ ബൈക്കിലെത്തിയ ഇയാളുടെ സഹായി സ്കൂട്ടറിന് പിന്നില്‍ പണം വീണ് കിടക്കുന്നതായി തെറ്റ് ധരിപ്പിച്ചു. പണമെടുക്കാൻ കമലാഭായി പുറകോട്ട് പോയ തക്കത്തിന് മോഷ്ടാക്കൾ സ്കൂട്ടറിന് മുന്നിലുണ്ടായിരുന്ന കവറുമായി രക്ഷപ്പെട്ടു. ഇതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. സംഭവത്തിയ പൂനെ പൊലീസ് കേസെടുത്തു. രണ്ട് സംഘങ്ങളായി തിരിഞ്ഞ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം.

Post a Comment

Previous Post Next Post
Join Our Whats App Group