Join News @ Iritty Whats App Group

കവിയൂര്‍ പൊന്നമ്മ അന്തരിച്ചു; വിടവാങ്ങുന്നത് ആറ് പതിറ്റാണ്ടുകളുടെ അഭിനയവിസ്മയം

മലയാളികളുടെ പ്രിയ നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു.

മലയാള സിനിമയില്‍ ആറ് പതിറ്റാണ്ടുകളായി നിറഞ്ഞു നില്‍ക്കുന്ന പൊന്നമ്മ ആയിരത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1965ല്‍ കുടുംബിനി എന്ന ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായെത്തിയ നടിക്ക് പിന്നീട് മലയാള സിനിമയിലുടനീളം അമ്മ മുഖമായിരുന്നു.

14 വയസ് മുതല്‍ 79 വയസ് വരെ നീളുന്ന അസാധ്യമായ കലാസപര്യയ്ക്കാണ് കവിയൂര്‍ പൊന്നമ്മ വിട പറയുമ്പോള്‍ തിരശീല വീഴുന്നത്. പ്രേം നസീര്‍ മുതല്‍ പുതുതലമുറ നടന്‍മാരുടേതുള്‍പ്പെടെ അമ്മയായി ഇവര്‍ വേഷമിട്ടിട്ടുണ്ട്.പതിനാലാമത്തെ വയസ്സില്‍ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആര്‍ട്ട്‌സിന്റെ നാടകങ്ങളില്‍ ഗായികയായാണ് താരം കലാരംഗത്തെത്തുന്നത്. കെ പി എ സിയുടെ മൂലധനം എന്ന നാടകത്തിലൂടെ നാടകരംഗത്തെത്തി. ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിലൂടെയാണ് ആദ്യമായി വെളളിത്തിരയിലെത്തുന്നത്.

ടി.പി ദാമോദരന്റെയും ഗൗരിയുടെയും മകളായി പത്തനംതിട്ട ജില്ലയിലെ കവിയൂരിലാണ് പൊന്നമ്മ ജനിച്ചത്. 1969ല്‍ നിര്‍മാതാവും സംവിധായകനുമായ മണിസ്വാമിയെ വിവാഹം കഴിച്ചു. ഏകമകള്‍ ബിന്ദു .

Post a Comment

Previous Post Next Post
Join Our Whats App Group