പാലക്കാട്: മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പാലക്കാട് ഒലവക്കോട് സ്വദേശിനിയുടെ 98,000 രൂപ തട്ടിയെടുത്ത കേസിലെ പ്രധാനപ്രതി പാലക്കാട് നോര്‍ത്ത് പോലീസിന്റെ പിടിയില്‍. മലപ്പുറം കൊണ്ടോട്ടി ഒലവട്ടൂര്‍ പുതിയടത്തു പറമ്പില്‍ അബ്ദുള്‍ നാസര്‍(36) ആണ് അറസ്റ്റിലായത്. 2023 ഡിസംബര്‍ ഒന്നിനാണ് കേസിനാസ്പദമായ സംഭവം.
മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്നു സ്വയം പരിചയപ്പെടുത്തിയ പ്രതികളിലൊരാള്‍ പരാതിക്കാരിയെ സ്‌കൈപ്പ് വീഡിയോ കോളിങ് ആപ്പിലൂടെ വിളിച്ചു. പരാതിക്കാരി മുംബൈയില്‍നിന്നും ഫെഡെക്‌സ് കമ്പനി മുഖേന തായ്‌വാനിലേക്ക് അയച്ച കൊറിയറില്‍ മയക്കുമരുന്ന് ഉണ്ടെന്നും മുംബൈ കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിശ്വസിപ്പിച്ച് ഗൂഗിള്‍ പേ വഴി 98,000 രൂപ തട്ടിയെടുത്തതായാണ് കേസ്.
പരാതിക്കാരിയില്‍നിന്നു തട്ടിയെടുത്ത പണം അബ്ദുള്‍ നാസറിന്റെ അക്കൗണ്ടിലേക്കാണ് വന്നത്. അത് ആലപ്പുഴ വണ്ടാനം വൃക്ഷവിലാസം തോപ്പില്‍ അന്‍സിലി(36)ന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. അന്‍സില്‍ തുക പിന്‍വലിച്ച് മറ്റൊരു പ്രധാന പ്രതിക്ക് കൈമാറിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
ആലപ്പുഴ സ്വദേശികളായ ഷാജഹാന്‍, അന്‍സില്‍ കോഴിക്കോട് സ്വദേശികളായ ഷെഫീഖ്, മിഥുലാജ് എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ തുക അബ്ദുല്‍ നാസറിന്റെ അക്കൗണ്ടിലൂടെയാണ് വന്നതെന്നു കണ്ടെത്തിയത്. ഏകദേശം രണ്ടു കോടിയോളം രൂപയുടെ തട്ടിപ്പിന് അബ്ദുള്‍ നാസറിന്റെ അക്കൗണ്ട് ഉപയോഗിച്ചതായും പോലീസിന് വിവരം ലഭിച്ചു.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്റെ നിര്‍ദേശപ്രകാരം ടൗണ്‍ നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിപിന്‍ കെ. വേണുഗോപാലിന്റെ നേതൃത്വത്തില്‍ എസ്.ഐ. മുജീബ്, എസ്.സി.പി.ഒമാരായ വികാസ്, അജേഷ്, രതീഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് സൈബര്‍ ഫോറന്‍സിക് അന്വേഷണത്തിലൂടെ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതായും അവരെ ഉടന്‍ പിടികൂടുമെന്നും നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിപിന്‍ കെ. വേണുഗോപാല്‍ അറിയിച്ചു.
Post a Comment