സമീപകാലത്ത് അന്താരാഷ്ട്ര രംഗത്ത് ക്രൂഡ് ഓയില്‍ വിലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അമേരിക്കയിലും ചൈനയിലും ഡിമാന്‍റ് കുറഞ്ഞതോടെ ആഗോളതലത്തില്‍ എണ്ണ വില ബാരലിന് 70 ഡോളറിന് താഴേക്ക് എത്തി. 3 വർഷത്തിന് ഇടയിലെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്. പിന്നീട് ഇസ്രായേല്‍-ഹിസ്ബുള്ള പോരാട്ടം ശക്തമായതോടെയാണ് വില ബാരലിന് 75 ഡോളറിന് മുകളിലേക്കെങ്കിലും എത്തിയത്.
അന്താരാഷ്ട്ര രംഗത്തെ ക്രൂഡ് ഓയില്‍ വിലയിലെ ഈ ഇടിവ് ഇന്ത്യക്ക് വലിയ അനുഗ്രഹമായി മാറിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അന്താരാഷ്‌ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുറഞ്ഞതോടെ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ സാമ്പത്തിക വർഷം ക്രൂഡ് ഇറക്കുമതിയിൽ 60,000 കോടി രൂപ സർക്കാരിന് ലാഭിക്കാനാകുമെന്നാണ് കണക്കാക്കുന്നത്.
കണക്കുകൾ പ്രകാരം, അസംസ്‌കൃത എണ്ണവിലയിൽ ബാരലിന് ഓരോ യുഎസ് ഡോളറും കുറയുമ്പോൾ, ഇന്ത്യയുടെ ഇറക്കുമതി ബില്ലിൽ പ്രതിവർഷം 13,000 കോടി രൂപ ലാഭിക്കാനാകും. 2024ലെ സാമ്പത്തിക സർവേ ഈ സാമ്പത്തിക വർഷത്തെ ശരാശരി ക്രൂഡ് വില ബാരലിന് 84 യുഎസ് ഡോളറായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ സാമ്പത്തിക സർവ്വേ കണക്കാക്കിയ വിലയേക്കാള്‍ കുറഞ്ഞ നിരക്കായ ബാരലിന് 70 ഡോളർ മുതൽ 75 ഡോളർ വരെ എന്ന നിരക്കിലാണ് ഇപ്പോഴത്തെ വില്‍പ്പന.
ഈ നിരക്കിലാണ് എണ്ണ വില തുടരുന്നതെങ്കില്‍ ഈ സാമ്പത്തിക വർഷത്തിൻ്റെ ശേഷിക്കുന്ന ഭാഗത്ത് ഇന്ത്യ ക്രൂഡ് ഇറക്കുമതിയിൽ വലിയ ലാഭം ഉണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. "ഇന്ത്യൻ സർക്കാർ 85 ഡോളറിന് അടുത്താണ് വില പ്രതീക്ഷിക്കുന്നത്. എന്നാല്‍ നിലവിലെ നിരക്ക് 70-72 ഡോളറിന് അടുത്താണ്. ഇതിലൂടെ മികച്ച ലാഭം ലഭിക്കുന്നു. 2025 ന്റെ തുടക്കത്തിലും വില 80 ഡോളറിന് താഴെയായി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്" വാർത്താ ഏജന്‍സിയായ എ എൻ ഐക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ കേഡിയ അഡ്വൈസറി ഡയറക്ടർ അജയ് കേഡിയ പറഞ്ഞു.
ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൻ്റെ ഗണ്യമായ ഒരു ഭാഗം ക്രൂഡ് വാങ്ങുന്നതിനാണ് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇറക്കുമതി ബില്ലിൽ കുറവുണ്ടായാൽ, മറ്റ് പ്രധാന കറൻസികൾക്കെതിരെ ഇന്ത്യൻ രൂപയ്ക്ക് മൂല്യവർദ്ധന ഉണ്ടായേക്കാം. നിലവിൽ, ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ 83.60 എന്ന സ്ഥിരതയുള്ള നിരക്കിലാണ് തുടരുന്നത്. അതേസമയം വികസിത രാജ്യങ്ങളിലെ മറ്റ് പല കറൻസികളും വലിയ മൂല്യത്തകർച്ച നേരിട്ടു.
ക്രൂഡ് ഓയിൽ വില ബാരലിന് 75 ഡോളറായി കുറയുകയും, ഇറക്കുമതി ബില്ലിൽ പ്രതിവർഷം 15-18 ബില്യൺ ഡോളർ ലാഭം നൽകുകയും ചെയ്യുന്നത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ നേട്ടമാണ് നല്‍കുന്നതെന്നും കേഡിയ പറഞ്ഞു. പണപ്പെരുപ്പം കുറയ്ക്കുകയും, നിർണായക നിക്ഷേപങ്ങൾക്ക് സാമ്പത്തിക ഇടം സൃഷ്ടിക്കുകയും ചെയ്യുന്നത് നമ്മുടെ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് നിർണ്ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആർബിഐ കണക്കുകൾ പ്രകാരം ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന നിരക്കായ ഏകദേശം 689 ബില്യൺ യുഎസ് ഡോളറിലെത്തിയിട്ടുണ്ട്. ഇത് സാമ്പത്തിക സ്ഥിരതയ്ക്ക് ശക്തമായ അടിത്തറ നൽകുന്നു. കുറഞ്ഞ അസംസ്‌കൃത എണ്ണവിലയ്‌ക്കൊപ്പം ശക്തമായ കരുതൽ ശേഖരം, ഇൻഫ്രാ, മറ്റ് സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ എന്നിവയ്‌ക്ക് കൂടുതൽ ചെലവഴിക്കാനും കടമെടുക്കൽ കുറയ്ക്കാനും സർക്കാറിന് ഇത് സഹായകരമാകും.
എണ്ണ വിലയില്‍ സർക്കാരും കമ്പനികളും വലിയ നേട്ടം കൊയ്യുമ്പോഴും പൊതുജനങ്ങള്‍ക്ക് അതിന്റെ ആനുകൂല്യം കിട്ടുന്നില്ലെന്നതും ശ്രദ്ധേയമാണ്. പൊതുവിപണിയില്‍ വില കുറയ്ക്കുമെന്ന് വാർത്തകള്‍ നേരത്തെ തന്നെയുണ്ടെങ്കിലും സർക്കാർ ഇതുവരെ അതിന് തയ്യാറായിട്ടില്ല. അതേസമയം തന്നെ ഒക്ടോബർ അഞ്ചിന് ശേഷം രാജ്യത്ത് പെട്രോൾ ഡീസൽ വില കുറച്ചേക്കാമെന്ന് വിദേശ നിക്ഷേപ സ്ഥാപനമായ സിഎൽഎസ്എ അടുത്തിടെ വിലയിരുത്തിയിട്ടുമുണ്ട്.
Post a Comment