Join News @ Iritty Whats App Group

അനിശ്ചിതത്വങ്ങള്‍ക്കൊടുവിൽ അനുമതി നല്‍കി മുഖ്യമന്ത്രി; നെഹ്റു ട്രോഫി വള്ളംകളി ഈ മാസം 28ന്

ആലപ്പുഴ: വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച നെഹ്റു ട്രോഫി വള്ളം കളി ഈ മാസം 28ന് നടക്കും. നെഹ്റു ട്രോഫി ബോട്ട് റേസ് (എന്‍ടിബിആര്‍) സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ഈ മാസം 28ന് ജലമേള നടത്താൻ മുഖ്യമന്ത്രി അനുമതി നല്‍കിയതായി മന്ത്രി പി പ്രസാദ് യോഗത്തില്‍ അറിയിക്കുകയായിരുന്നു. വള്ളം കളി നടത്തുന്നതിലെ അനിശ്ചിതത്വം ബോട്ട് ക്ലബ്ബുകളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

പലരും ലക്ഷങ്ങള്‍ മുടക്കി പരിശീലനം ഉള്‍പ്പെടെ നടത്തിയിരിക്കെ വള്ളം കളി എത്രയും വേഗം നടത്തണമെന്നായിരുന്നു ആവശ്യം. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സാംസ്കാരിക പരിപാടികളോ മറ്റു ആഘോഷങ്ങളോ ഇല്ലാതെ വള്ളംകളി മാത്രമായിട്ടായിരിക്കും നടത്തുക. ചാമ്പ്യൻസ് ബോട്ട് ലീഗും നടത്തണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.

വള്ളംകളി ഈ മാസം 28ന് നടത്തണമെന്നാവശ്യപ്പെട്ട് വള്ളംകളി സംരക്ഷണ സമിതി ഇന്നലെ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. എൻടിബിആര്‍ സൊസൈറ്റി യോഗം വിളിച്ച് എത്രയും വേഗം തീരുമാനം എടുക്കും എന്ന് കളക്ടര്‍ വള്ളംകളി സംരക്ഷണസമിതിയ്ക്ക് കളക്ടര്‍ ഉറപ്പു നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് വൈകിട്ട് യോഗം ചേര്‍ന്ന് 28ന് തന്നെ വള്ളം കളി നടത്താൻ തീരുമാനിച്ചത്. തീയതി പ്രഖ്യാപനത്തിനൊപ്പം സിബിഎൽ (ചാമ്പ്യൻസ് ബോട്ട് ലീഗ്) നടത്തണം, ഗ്രാൻഡ് തുക വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും സംരക്ഷണ സമിതി മുന്നോട്ട് വെച്ചിരുന്നു.

സെപ്റ്റംബര്‍ 28ന് ശനിയാഴ്ച മറ്റ് വള്ളം കളികളില്ലെന്നതും ശനിയാഴ്ചയാണ് വള്ളംകളിക്ക് കൂടുതല്‍ സൗകര്യമെന്നതും അന്നേ ദിവസം തന്നെ നടത്താനുള്ള തീരുമാനത്തിന് നിര്‍ണയകമായി. വള്ളം കളി നടത്താൻ തീരുമാനിച്ചാൽ ടൂറിസം വകുപ്പ് എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. നെഹ്റു ട്രോഫി വള്ളം കളി സംഘടിപ്പിക്കുന്നത് ടൂറിസം വകുപ്പല്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group