കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി അടുത്തമാസം അവസാനത്തോടെ വിധി പറഞ്ഞേക്കും. ഇതു സംബന്ധിച്ചു വിചാരണക്കോടതി സൂചന നല്‍കി. അനേ്വഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ ക്രോസ് വിസ്താരമാണ് ഇപ്പോള്‍ നടക്കുന്നത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു വിചാരണക്കോടതി ഇതുവരെ 261 സാക്ഷികളെ വിസ്തരിച്ചു. 1,600 രേഖകള്‍ പരിഗണിച്ചു.
ദിലീപ്, പള്‍സര്‍ സുനി എന്നിവരടക്കം പത്തു പേര്‍ക്കെതിരേയാണ് 2010 ജനുവരി ഒന്‍പതിനു വിചാരണക്കോടതി കുറ്റംചുമത്തിയത്. വിചാരണ പുരോഗിക്കുന്ന ഘട്ടത്തില്‍ കേസില്‍ രണ്ടുവട്ടം സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാര്‍ കേസില്‍നിന്നു പിന്മാറിയിരുന്നു. വിചാരണക്കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരുടെ പിന്മാറ്റം.
അതിനിടെ, ദിലീപിനെതിരേ ആരോപണവുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്തെത്തി. കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തി, നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപ് വീട്ടില്‍ വച്ചു സുഹൃത്തുക്കള്‍ക്കൊപ്പം കണ്ടു തുടങ്ങിയവയായിരുന്നു ആരോപണങ്ങള്‍. ദിലീപും ബാലചന്ദ്രകുമാറുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖകളും ഇതിനിടെ പുറത്തുവന്നു.
ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസാണെന്ന് ആരോപിച്ചു ദിലീപ് ഡി.ജി.പിക്കു കത്തു നല്‍കി. പുതിയ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ എ.ഡി.ജി.പി: എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം രൂപവത്കരിച്ചു.
പോലീസിനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം മുന്‍നിര്‍ത്തി ദിലീപിനെതിരേ പുതിയ പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തു. ഇതിനിടെ ദിലീപും ഗൂഢാലോചനക്കേസില്‍ ഉള്‍പ്പെട്ട അഞ്ചുപേരും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. കേസുമായി ബന്ധപ്പെട്ടു ദിലീപിന്റെ ആലുവയിലെ വസതിയില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.
Post a Comment