കൊല്ലം മൈനാഗപ്പള്ളിയില്‍ തിരുവോണ നാളില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ദേഹത്ത് കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി അജ്മലിനെതിരെ മൊഴി നല്‍കി കൂട്ടുപ്രതി ഡോ ശ്രീക്കുട്ടി. അജ്മല്‍ തനിക്ക് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്നും സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ദേഹത്ത് കാര്‍ കയറ്റിയിറക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് മൊഴി.
വാഹനം ഇടിച്ച ശേഷം സ്‌കൂട്ടര്‍ യാത്രക്കാരി കാറിനടിയില്‍ കുടുങ്ങിയത് തനിക്ക് അറിയില്ലായിരുന്നു. താന്‍ കാര്‍ മുന്നോട്ടെടുക്കാന്‍ അജ്മലിനോട് ആവശ്യപ്പെട്ടിട്ടില്ല. താന്‍ ആവശ്യപ്പെട്ട പ്രകാരം കാര്‍ മുന്നോട്ടെടുത്തുവെന്നത് അജ്മലിന് രക്ഷപ്പെടാനുള്ള തന്ത്രമാണെന്നും ശ്രീക്കുട്ടി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി.
അജ്മല്‍ തന്റെ സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്തതായും ശ്രീക്കുട്ടി പൊലീസിനോട് പറഞ്ഞു. ആറ് മാസത്തിനിടെ അജ്മല്‍ തന്റെ 20 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തതായും ഇത് തിരികെ വാങ്ങാനാണ് ഇയാള്‍ക്കൊപ്പം തുടര്‍ന്നത്. ഇതിനിടെ അജ്മല്‍ പല തവണ തനിക്ക് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്നും ശ്രീക്കുട്ടി കൂട്ടിച്ചേര്‍ത്തു.
സ്‌കൂട്ടര്‍ യാത്രക്കാരിയുടെ ദേഹത്ത് വാഹനം കയറ്റിയിറക്കിയതില്‍ തനിക്ക് പങ്കില്ല. സംഭവം നടന്ന ദിവസം സുഹൃത്തിന്റെ വീട്ടില്‍ വച്ച് അജ്മല്‍ നിര്‍ബന്ധിച്ച് മദ്യം നല്‍കിയെന്നും ശ്രീക്കുട്ടി പറയുന്നു. എന്നാല്‍ ഇരുവരും താമസിച്ചിരുന്ന കരുനാഗപ്പള്ളിയിലെ ഹോട്ടല്‍ മുറിയിലും വീടുകളിലും നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികളും സിന്തറ്റിക് മയക്കുമരുന്ന് ഉപയോഗിക്കാന്‍ ആവശ്യമായ ട്യൂബും കണ്ടെത്തിയതായി പൊലീസ് പറയുന്നു.
Post a Comment