തിരുവനന്തപുരം – കണ്ണൂര്‍ ജനശതാബ്ദി അടിമുടി മാറുന്നു. യാത്രക്കാരുടെ വളരെക്കാലമായുള്ള ആവശ്യം റെയില്‍വെ മുഖവിലക്കെടുത്തു. ജനശതാബ്ദിക്ക് എല്‍എച്ച്ബി (ലിങ്ക് ഹോഫ്മാന്‍ ബുഷ്) പുതിയ കോച്ചുകള്‍ വരുന്നു. ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിക്കുന്ന സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കോച്ചുകളാണിത്. തിരുവനന്തപുരത്തുനിന്നുള്ള സര്‍വീസില്‍ ഈ മാസം 29 മുതലും കണ്ണൂരില്‍ നിന്നുള്ള സര്‍വീസില്‍ 30 മുതലും പുതിയ കോച്ചുകളുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ജനശതാബ്ദിയിലെ പഴയ കോച്ചുകള്‍ മാറ്റണമെന്ന യാത്രക്കാരുടെ ഏറെ നാളായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്. അതേസമയം കണ്ണൂര്‍ ജനശതാബ്ദി പ്രതിദിന സര്‍വീസാക്കണമെന്ന ആവശ്യം നടപ്പായിട്ടില്ല.
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, എറണാകുളം-ബെംഗളൂരു ഇന്റര്‍സിറ്റി എന്നിവയുടെ കോച്ചുകള്‍ മാറുന്നതും പരിഗണനയിലുണ്ട്. മലബാര്‍, മാവേലി, പരശുറാം തുടങ്ങിയ ട്രെയിനുകള്‍ക്കു പുതിയ കോച്ചുകള്‍ അനുവദിക്കണമെന്ന ആവശ്യവും ഏറെ നാളായുണ്ട്.
മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഓടുന്ന രീതിയിലാണ് എല്‍എച്ച്ബി കോച്ചുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അപകടങ്ങള്‍ തടയുന്നതിന് ഈ കോച്ചുകളിലൂടെ സാധിക്കും. കോച്ചുകള്‍ തമ്മില്‍ ഇടിച്ചുകയറിയുള്ള അപകടം കുറയ്ക്കും.
ഈ കോച്ചുകള്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്, കൂടാതെ ഇന്റീരിയറുകള്‍ അലുമിനിയം കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്, ഇത് പരമ്പരാഗത റേക്കുകളെ അപേക്ഷിച്ച് അവയെ ഭാരം കുറഞ്ഞതാക്കുന്നു. ഓരോ കോച്ചിലും ഉയര്‍ന്ന വേഗതയില്‍ കാര്യക്ഷമമായ ബ്രേക്കിംഗിനായി ‘അഡ്വാന്‍സ്ഡ് ന്യൂമാറ്റിക് ഡിസ്‌ക് ബ്രേക്ക് സിസ്റ്റം’ ഉണ്ട്, ‘മോഡുലാര്‍ ഇന്റീരിയറുകള്‍’ ലൈറ്റിംഗിനെ സീലിംഗിലേക്കും ലഗേജ് റാക്കുകളിലേക്കും വിശാലമായ ജാലകങ്ങളോടെ സമന്വയിപ്പിക്കുന്നു. എല്‍എച്ച്ബി കോച്ചുകളുടെ മെച്ചപ്പെട്ട സസ്‌പെന്‍ഷന്‍ സംവിധാനം പരമ്പരാഗത റേക്കുകളെ അപേക്ഷിച്ച് യാത്രക്കാര്‍ക്ക് കൂടുതല്‍ യാത്രാസുഖം ഉറപ്പാക്കുന്നു.
എല്‍എച്ച്ബി കോച്ചുകളുടെ എയര്‍ കണ്ടീഷനിംഗ് സിസ്റ്റം പഴയ റേക്കുകളെ അപേക്ഷിച്ച് ഉയര്‍ന്ന ശേഷിയുള്ളതും ഇലക്ട്രോണിക് നിയന്ത്രണത്തിലുള്ളതുമാണ്, ഇത് വേനല്‍ക്കാലത്തും ശൈത്യകാലത്തും പഴയ കോച്ചുകളേക്കാള്‍ മികച്ച സൗകര്യം യാത്രക്കാര്‍ക്ക് നല്‍കും. പരമ്പരാഗത കോച്ചുകള്‍ക്ക് 100 ഡെസിബെല്‍ ശബ്ദം പുറപ്പെടുവിക്കുമ്പോള്‍ ഓരോ കോച്ചും പരമാവധി 60 ഡെസിബെല്‍ ശബ്ദമെ പുറപ്പെടുവിക്കൂ.
സ്‌റ്റൈന്‍ലെസ് സ്റ്റീല്‍ നിര്‍മിതമായ എല്‍എച്ച്ബി കോച്ചുകള്‍ക്ക് സാധാരണ ഉരുക്കില്‍ നിര്‍മിച്ച ഐസിഎഫ് കോച്ചുകളെക്കാള്‍ ഉല്‍പാദനച്ചെലവ് കൂടുതലാണെങ്കിലും പരിപാലനച്ചെലവ് കുറവാണ്. രാജ്യത്തെ ട്രെയിനുകളെ എല്‍എച്ച്ബി നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്നത് ഏറെനാളായുള്ള ആവശ്യമാണ്.
2015 മുതല്‍ ഇതുവരെ 23,000 കോച്ചുകള്‍ എല്‍എച്ച്ബി കോച്ചുകളായി മാറ്റിയിട്ടുണ്ടെന്നാണ് റെയില്‍വേ മന്ത്രാലയത്തിന്റെ കണക്ക്. ഘട്ടംഘട്ടമായി പഴയ കോച്ചുകളെ പൂര്‍ണമായും എല്‍എച്ച്ബി നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നാണ് റെയില്‍വേ പറയുന്നത്.
Post a Comment