കർണാടക ഷിരൂരിലെ മണ്ണിടിച്ചലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ ആരംഭിക്കാൻ വൈകിയേക്കും. തിരച്ചിലിനായി സെപ്റ്റംബർ 15-ാം തീയതിയക്ക് ശേഷം ഡ്രഡ്ജർ എത്തിക്കാനാണ് ആലോചന. ഡ്രഡ്ജറുമായി സെപ്റ്റംബർ 15 ന് ശേഷം പുറപ്പെടാനായേക്കുമെന്ന് ഷിപ്പിംഗ് കമ്പനി അറിയിച്ചു.
ഷിരൂരിൽ തുടരുന്ന കാറ്റും മഴയും തിരയുടെ ഉയരവും കണക്കിലെടുത്താണ് തീരുമാനം. മൂന്ന് ദിവസത്തെ തിരച്ചിലിനാണ് ഉത്തര കന്നഡ ജില്ലാഭരണകൂടം ഡ്രഡ്ജർ ആവശ്യപ്പെട്ടത്. എന്നാൽ ഗംഗാവലി പുഴയിൽ ഏഴിൽ അധികം ദിവസം ഡ്രെഡ്ജിങ് വേണ്ടി വരുമെന്നാണ് കമ്പനി എം ഡി പറയുന്നത്. കാറ്റും മഴയും തടസ്സമായതിന് പിന്നാലെ ഡ്രഡ്ജർ വെസൽ എത്തിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയില്ലെന്നായിരുന്നു നേരത്തെ ഷിപ്പിംഗ് കമ്പനി അറിയിച്ചത്.
ഉത്തര കന്നഡ ജില്ലാ ഭരണകൂടം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഷിപ്പിംഗ് കമ്പനിക്ക് ഷിരൂരിലേക്ക് തിരിക്കാൻ നിർദേശം നൽകിയത്. വ്യാഴാഴ്ച ഡ്രഡ്ജിങ് പുനരാരംഭിക്കും എന്നായിരുന്നു കമ്പനി നേരത്തെ അറിയിച്ചത്. കഴിഞ്ഞ മാസം 16നാണ് അര്ജുനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അർജുൻ്റെ മാതാപിതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരിട്ടുകണ്ട് തിരച്ചില്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് തിരച്ചില് പുനരാരംഭിക്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്.
Post a Comment