തിരുവനന്തപുരം: പ്രതിഫലത്തിന്റെ കാര്യത്തിലു സിനിമാ മേഖലയില്‍ കടുത്ത വിവേചനമെന്ന് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്. സിനിമയില്‍ പ്രതിഫലം നിശ്ചയിക്കേണ്ടത് സ്ത്രീയോ, പുരുഷനോ എന്ന് നോക്കിയിട്ടല്ല. പ്രതിഫലം നിശ്ചയിക്കുന്നത് അഭിനയം വിലയിരുത്തിവേണം. മികച്ച അഭിനയം കാഴ്ചവെയ്ക്കുന്നവര്‍ക്ക് മികച്ച പ്രതിഫലം നല്‍കണം. എന്നാല്‍ സിനിമാ മേഖലയില്‍ നടക്കുന്നത് ഇതിന് വിപരീതാമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മികച്ച അഭിനയം കാഴ്ചവെയ്ക്കുന്നതില്‍ നടീ-നടന്മാരെ സ്വീധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതില്‍ ദീര്‍ഘനാളായുള്ള അഭിനയപാടവം പ്രധാന ഘടകമാണ്. അതിന് പുറമേ ആ കഥാപാത്രത്തിനായി അവര്‍ എടുക്കുന്ന പരിശ്രമവും എടുത്തു പറയണം. തല മൊട്ടയടിക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. 'ടേക്ക് ഓഫ്' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രം ചെയ്ത നടിയേക്കാള്‍ കൂടുതല്‍ പ്രതിഫലമാണ് അതില്‍ കുറഞ്ഞ സമയം മാത്രം സ്‌ക്രീനിലെത്തിയ രണ്ട് നടന്മാര്‍ക്ക് നല്‍കിയത്. ഇത്തരത്തിലുള്ള അന്യായം സിനിമയില്‍ പതിവാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു.
പ്രതിഫലത്തിന്റെ കാര്യത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ നേരിടുന്നതും കടുത്ത വിവേചനമാണ്. മിനിമം വേതനം പോലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് ലഭിക്കുന്നില്ല. അസിസ്റ്റന്റ്, അസോസിയേറ്റീവ് ഡയറക്ടര്‍മാരുടെ കാര്യവും വ്യത്യസ്തമല്ല. വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ഇവര്‍ക്ക്, അവരുടെ ജോലിക്ക് സമാനമായ വേതനം ലഭിക്കുന്നില്ല. ഈ മേഖലയില്‍ രണ്ട് വര്‍ഷത്തിലധികമായി ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നത് 30,000 മുതല്‍ ഒരു ലക്ഷം രൂപ വരെ മാത്രമാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.
Post a Comment