സംഘർഷങ്ങൾക്കും ഏകപക്ഷീയ ആക്രമണങ്ങൾക്കും ഇടയിൽ വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രം നിർമിക്കാൻ ഇസ്രയേൽ പദ്ധതി. വെസ്റ്റ് ബാങ്കിൽ പ്രവർത്തിക്കുന്ന ഇസ്രയേൽ സിവിൽ അഡ്മിനിസ്ട്രേഷനെ ഉദ്ദരിച്ച് വിദേശ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ബെത്ലഹേമിന് സമീപം ആറുലക്ഷം ചതുരശ്രമീറ്ററിൽ കുടിയേറ്റ ഗ്രാമം നിർമ്മിക്കാനാണ് പദ്ധതി. ഇസ്രയേൽ പ്രാദേശിക മാധ്യമങ്ങളും സാമ്പത്തിക കാര്യ മന്ത്രിയെ ഉദ്ദരിച്ച് വാർത്ത പുറത്തു വിട്ടു. നെതന്യാഹു കാബിനറ്റ് ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ ഒന്നും പുറത്തിറക്കിയിട്ടില്ല.
നഹാൽ ഹെലെറ്റ്സ് എന്ന പേരിൽ നിർമ്മിക്കുന്ന കുടിയേറ്റ കേന്ദ്രം യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഭൂമിയിലാണ്. പുരാതന കാർഷിക ടെറസുകൾക്ക് പേരുകേട്ട പലസ്തീനിലെ ബത്തീർ ഗ്രാമത്തിലാണ് ഈ പ്രദേശം. വെസ്റ്റ് ബാങ്കിനും ജറുസലമിനും ഇടയിൽ 48 ഏക്കർ വരുന്ന ഭൂമിയാണ് ഉപയോഗിക്കാൻ നീക്കം.
കുടിയേറ്റകേന്ദ്രനിർമാണം പുതിയ സംഘർഷങ്ങൾക്കും സുരക്ഷാപ്രശ്നങ്ങൾക്കും വഴിവച്ചേക്കാമെന്ന് നിർമാണത്തെ എതിർക്കുന്ന സംഘടനയായ പീസ് നൗ മുന്നറിയിപ്പ് നൽകി. വെസ്റ്റ് ബാങ്കിലും ജെറുസലേമിലുമായി ഏഴ് ലക്ഷം പേരെയാണ് ഇതുവരെ ഇസ്രയേൽ കുടിയേറ്റി പാർപ്പിച്ചത്.
Post a Comment