Join News @ Iritty Whats App Group

വയനാട് ദുരന്തം; മുണ്ടക്കൈയിലും ചൂരൽമലയിലും നാളെ ജനകീയ തിരച്ചിൽ: മുഖ്യമന്ത്രി


തിരുവനന്തപുരം > മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താനായി പ്രദേശത്ത് നാളെ ജനകീയ തിരച്ചിൽ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടെ ഉൾപ്പെടുത്തിയാണ് തെരച്ചിൽ നടത്തുക. ക്യാമ്പിൽ കഴിയുന്നവരെ വാഹനങ്ങളിൽ സുരക്ഷാ ഉദ്യോ​ഗസ്ഥരുടെയും മറ്റ് സന്നദ്ധപ്രവർത്തകർക്കും ഒപ്പമാണ് പ്രദേശത്തേക്ക് കൂടെ എത്തിക്കുക. 6 മേഖലകളായി തിരിച്ചാണ് തിരച്ചിൽ നടത്തുന്നത്. സാധ്യമായ മാർ​ഗങ്ങളെല്ലാം ഉപയോ​ഗിച്ചാണ് തിരച്ചിൽ നടത്തുന്നതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വയനാട്ടിൽ ഇന്നും തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ച പ്രധാനമന്ത്രി വയനാട് സന്ദർശിക്കും. വയനാട് ദുരന്തം ​ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ദുരന്ത തീവ്രത പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം 9 അം​ഗസമിതിയെ നിയോ​ഗിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി രാജീവ് കുമാറാണ് ടീം ലീഡർ. സമ​ഗ്രമായ പുനരധിവാസ പാക്കേജാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. ഇതുവരെയുള്ള നില നോക്കിയാൽ കേന്ദ്രത്തിൽനിന്ന് അനുകൂലമായ നിലയാണുള്ളത്. ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കുകയും പുനരധിവാസം ഉറപ്പുവരുത്തുകയും വേണം. അതിനായി ടൗൺഷിപ് അടക്കമുള്ള പ്രവർത്തനങ്ങൾ ഉണ്ടാക്കേണ്ടതിന്റെ ​ഗൗരവം കണക്കിലെടുത്ത് കേന്ദ്രത്തിൻ നിന്ന് സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കാര്യങ്ങൾ അറിയിച്ചുകൊണ്ട് വിശദമായ കത്ത് എഴുതിയിരുന്നു.

ഉരുൾപൊട്ടലിൽ 225 മരണങ്ങളാണ് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത്. മേപ്പാടിയിൽ നിന്നും 148ഉം നിലമ്പൂർ നിന്നും 77ഉം. ഇതിനുപുറമെ വിവിധയിടങ്ങളിൽ നിന്നായി 195 ശരീരഭാ​ഗങ്ങളും കണ്ടെത്തി. ചില മൃതദേ​ഹ ഭാ​ഗങ്ങൾ തിരിച്ചറിഞ്ഞു. എല്ലാ ശരീരഭാ​ഗങ്ങളുടെയും ഡിഎൻഎ സാമ്പിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം വന്ന ശേഷമേ മരിച്ചവരുടെ എണ്ണം കൃത്യമായി കണക്കാക്കാൻ പറ്റൂ. പ്രദേശത്ത് നിന്ന് കാണാതായ132 പേരുടെ പേരുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകെ 420 പോസ്റ്റ്മോർട്ടങ്ങൾ നടത്തി. 178 മൃതദേ​ഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. ആകെ 234 സംസ്കാരങ്ങൾ നടന്നു. 641 കുടുംബങ്ങളാണ് 14 ക്യാമ്പുകളിലായി കഴിയുന്നത്. ആകെ 1942 പേർ. താൽക്കാലിക പുനരധിവാസം ഉറപ്പാക്കാൻ 91 സർക്കാർ ക്വാർട്ടേഴ്സുകൾ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group