ന്യൂഡൽഹി > ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്ക് നാഷണൽ ടാസ്ക് ഫോഴ്സിന് (എൻടിഎഫ്) രൂപം നൽകി സുപ്രീംകോടതി. വിദഗ്ധ ഡോക്ടർമാർ ദൗത്യസംഘത്തിന്റെ ഭാഗമാകും. ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്ക് പ്രത്യേക പ്രോട്ടോക്കോൾ വേണമെന്നും കോടതി നിർദേശിച്ചു. ആർ ജി കർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടർ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രീംകോടതി സ്വമേധയ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്.
ഈ കേസുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം പരിഗണിക്കേണ്ട ഗുരുതരമായ വിഷയങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് കേസെടുത്തതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. നാവികസേന മെഡിക്കൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ദൗത്യസംഘമാണ് രൂപീകരിച്ചത്. ഇന്ത്യയിൽ ഉടനീളം പിന്തുടരേണ്ട രീതികൾ നിർദ്ദേശിക്കുന്നതിനായാണ് വിദഗ്ധ ഡോക്ടേഴ്സിനെ ഉൾപ്പെടുത്തി നാഷണൽ ടാസ്ക് ഫോഴ്സ് രൂപീകരിച്ചിച്ചുള്ളത്.
ആരോഗ്യപ്രവർത്തകരുടെ സുരക്ഷയും ക്ഷേമവും എൻടിഎഫ് പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ലിംഗാധിഷ്ഠിത അതിക്രമങ്ങൾ തടയുന്നതിനും ഇൻ്റേണുകൾ, റസിഡൻ്റ്, നോൺ റസിഡൻ്റ് ഡോക്ടർമാർക്ക് മാന്യമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിനും എൻടിഎഫ് കർമപദ്ധതി തയ്യാറാക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
Post a Comment