കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടും പിന്നാലെ നടന്മാര്‍ക്കെതിരേ ഉയര്‍ന്ന ലൈംഗികാതിക്രമ ആരോപണത്തിനും പിന്നാലെ സിനിമാക്കാരുടെ രണ്ടാമത്തെ സംഘടനയിലും രാജി. ഫെഫ്ക്കയില്‍ നിന്നും സംവിധായകന്‍ ആഷിഖ് അബു രാജി വെച്ചു. ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിന്മേല്‍ നേതൃത്വത്തിന്റെ കുറ്റകരമായ മൗനത്തെ അപലപിച്ചാണ് ആഷിഖ് അബുവിന്റെ രാജി. പ്രതികരിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടതായി ആഷിഖ് അബു പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പ്രത്യേക വാര്‍ത്താകുറിപ്പിലൂടെയാണ് തന്റെ രാജി ആഷിഖ് പ്രഖ്യാപിച്ചത്.
ഹേമാക്കമ്മറ്റി റിപ്പോര്‍ട്ടിലും പിന്നാലെ വന്ന ലൈംഗികാപവാദത്തിലും പ്രതികരിക്കാത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് ആഷിഖ് അബു രംഗത്ത് വന്നത്. നിലപാടിന്റെ കാര്യത്തില്‍ നേതൃത്വം തികഞ്ഞ കാപട്യം കാട്ടിയെന്നാണ് ആഷിഖിന്റെ ആക്ഷേപം. ഫെഫ്ക്ക പല രീതിയില്‍ അംഗങ്ങളോട് അനീതി കാട്ടുന്നു എന്നും വാര്‍ത്താകുറിപ്പില്‍ ആരോപിച്ചിട്ടുണ്ട്. നേരത്തെ ഫെഫ്കയുടെ താക്കോല്‍ സ്ഥാനത്ത് ഇരിക്കുന്ന ബി ഉണ്ണികൃഷ്ണനെതിരേ രൂക്ഷ വിമര്‍ശനം ആഷിക് അബു നടത്തിയിരുന്നു. നേരത്തേ സിനിമാ നടന്മാരുടെ സംഘടനയായ അമ്മയില്‍ നിന്നും കൂട്ടരാജി ഉണ്ടായിരുന്നു.
ജനറല്‍ സെക്രട്ടറി സിദ്ദിഖ് തന്നെ ലൈംഗികാപവാദത്തില്‍ കുടുങ്ങിയ സാഹചര്യത്തില്‍ സൂപ്പര്‍താരവും പ്രസിഡന്റുമായ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ രാജി വെയ്്ക്കുകയാണ്. അമ്മയുടെ നേതൃത്വം പുനസംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് സംഘടനയില്‍പെട്ടവര്‍. അമ്മയെ പോലെ തന്നെ സിനിമയിലെ മറ്റൊരു വലിയ സംഘടനയാണ് ഫെഫ്ക്ക. സിനിമയുമായി ബന്ധപ്പെട്ട 22 യൂണിയനുകളുടെ പരമോന്നത കമ്മറ്റിയാണ് ഫെഫ്ക്ക. സംസ്ഥാനത്ത് വന്‍ ചര്‍ച്ചയായ ലൈംഗികാപവാദത്തില്‍ പത്തുദിവസം കഴിഞ്ഞാണ് ഫെഫ്ക്കയുടെ പ്രതികരണം വന്നത്.
Post a Comment