Join News @ Iritty Whats App Group

'ജസ്നയോട് സാമ്യമുള്ള പെൺകുട്ടിയെ അജ്ഞാതനായ യുവാവിനൊപ്പം ലോഡ്ജിൽ കണ്ടു'; കേസിൽ വഴിത്തിരിവാകുന്ന വെളിപ്പെടുത്തൽ

പത്തനംതിട്ട: ആറ് വർഷങ്ങൾക്ക് മുൻപ് പത്തനംതിട്ടയിൽ നിന്ന് അപ്രത്യക്ഷയായ ജസ്നയോട് സാമ്യമുളള പെൺകുട്ടി. മുണ്ടക്കയത്തെ ലോഡ്ജിൽ എത്തിയിരുന്നതായി വെളിപ്പെടുത്തൽ. കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് അജ്ഞാതനായ യുവാവിനൊപ്പം ഇവിടെവെച്ച് കണ്ടെന്നാണ് ലോഡ്ജിലെ മുൻ ജീവനക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞ‍ത്. ജസ്നയുടെ ദൃശ്യങ്ങൾ അവസാനമായി പതിഞ്ഞതും ലോഡ്ജിന് സമീപത്തെ തുണിക്കടയുടെ സിസിടിവി ക്യാമറയിലാണ്. 

എന്‍റെ ഫോട്ടോയോ പേരോ വരരുത് എന്ന് ആവശ്യപ്പെട്ടാണ് മുൻ ജീവനക്കാരി ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയോട് സംസാരിച്ചു തുടങ്ങിയത്. 'പത്രത്തിൽ പടം വന്നതു കൊണ്ടാണ് ജസ്നയെന്ന് തിരിച്ചറിഞ്ഞത്. പെൺകൊച്ചിന്‍റെ രൂപം മെലിഞ്ഞതാണ്, വെളുത്തതാണ്. എന്നെക്കാൾ മുടിയുണ്ട്. ക്ലിപ്പാണോ എന്ന് ഉറപ്പില്ല, തലമുടിയിൽ എന്തോ കെട്ടിയിട്ടുണ്ട്. റോസ് കളറുള്ള ചുരിദാറായിരുന്നു. ഞാൻ ഇപ്പോഴും ഓർക്കുന്നു. എന്നോട് പറഞ്ഞു, എവിടെയോ ടെസ്റ്റ് എഴുതാൻ പോകുവാണെന്ന്. കൂട്ടുകാരൻ വരാനുണ്ട്. അതിനാണ് അവിടെ നിൽക്കുന്നതെന്ന് പറഞ്ഞു. രാവിലെ 11.30നാണ് കാണുന്നത്. പയ്യൻ വന്നു, മുറിയെടുത്തു. രണ്ട് പേരും 4 മണി കഴിഞ്ഞാണ് ഇറങ്ങി പോകുന്നത്. പയ്യനെ ഞാൻ കണ്ടു, വെളുത്ത് മെലിഞ്ഞ പയ്യനാ.102ആം നമ്പർ മുറിയാണെടുത്തത്. ഒറ്റത്തവണയേ കണ്ടിട്ടുള്ളൂ.' സിബിഐ തന്നോട് ഇതുവരെ ഒന്നും ചോദിച്ചില്ലെന്നും ലോഡ്ജ് മുൻജീവനക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

അ‍‌ഞ്ച് വർഷം മുമ്പ് ഒരു മാർച്ച് 23 മുതൽ കേരളം ചർച്ച ചെയ്യുന്ന പേരാണ് ജസ്ന മരിയെ ജെയിംസ്. കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വർഷം വിദ്യാർത്ഥിയായിരിക്കുകയാണ് കൊല്ലമുള സന്തോഷ് കവലയിൽ കുന്നത്ത് വീട്ടിൽ ജസ്നയെ പെട്ടെന്നൊരു ദിവസം കാണാതാവുന്നത്. തുടക്കം മുതൽ ഒരു തുമ്പും തെളിവും കിട്ടാതെ അന്വേഷിച്ച് സംഘത്തെ വലച്ച അപൂർവമായ തിരോധാന കേസ്. മുണ്ടക്കയം പുഞ്ചവയലിലെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോവുന്നു എന്ന് പറഞ്ഞാണ് ജസ്ന 2018 മാർച്ച് 22ന് വീട്ടിൽ നിന്നിറങ്ങിയത്.

എരുമേലി വരെ സ്വകാര്യ ബസിൽ എത്തിയെന്ന് സാക്ഷി മൊഴിയുണ്ട്. പിന്നീട് ആരും കണ്ടിട്ടില്ല. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ജസ്ന ഫോൺ ഫോൺ എടുത്തിരുന്നില്ല. ഇത് മനപ്പൂർവമാണോ? മറന്നതാണോ? ചോദ്യങ്ങള്‍ ഒരുപാട് ബാക്കിയാണ്. വീട്ടിലുണ്ടായിരുന്ന ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും കിട്ടിയില്ല. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ലക്ഷത്തോളം ഫോൺ നമ്പറുകളാണ് ശേഖരിച്ചത്. 4,000 നമ്പറുകൾ സൂക്ഷ്മ പരിശോധന നടത്തി.

പെൺകുട്ടിയെ കാണാതായ ദിവസം 16 തവണ വിളിച്ച ആൺ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല. കേരളത്തിന് പുറത്ത് കുടകിലും ബെംഗളൂരുവിലും ചെന്നെയിലും ഒക്കെ അന്വേഷണസംഘം നേരിട്ട് ചെന്ന് അന്വേഷിച്ചു. ഇതിനിടെ പലതവണ പലയിടങ്ങളിലും ജസ്നയെ കണ്ടു എന്ന് സന്ദേശങ്ങൾ വന്നു. അന്വേഷണത്തിൽ കാര്യമൊന്നുമുണ്ടായില്ല. തുടക്കത്തിൽ കുറേനാൾ അന്വേഷണം ജസ്നയുടെ വീട് തന്നെ കേന്ദ്രീകരിച്ചായിരുന്നു. പിതാവ് ജെയിംസ് അടക്കം അടുത്ത ബന്ധുക്കളെ പലതവണ ചോദ്യം ചെയ്തു. സമീപകാലത്തൊന്നും ഒരു തിരോധാനക്കേസിൽ പോകാത്ത അന്വേഷണ വഴികളിലൂടെയെല്ലാം വിവിധ അന്വേഷണ ഏജൻസികൾ നടന്നു.

വിവിധ പരീക്ഷണങ്ങൾ, വനപ്രദേശങ്ങളിൽ അടക്കം പരിശോധനകൾ, അതിനിടെ ജസ്ന ജീവിച്ചിരിപ്പുണ്ടെന്ന് കേരള പൊലീസ് പറഞ്ഞെങ്കിലും തെളിവുകൾ നിരത്താനോ പെൺകുട്ടിയെ കണ്ടെത്താനോ നാളിതുവരെയും കഴിഞ്ഞിട്ടില്ല. കെഎസ്‍യു സംസ്ഥാന പ്രസിഡൻറ് ആയിരുന്ന കെ എം അഭിജിത്ത് ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് കേസ് സിബിഐക്ക് കൈമാറിയത്.പക്ഷേ ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കിയാണ്, മരിച്ചു എങ്കിൽ മൃതദേഹം എവിടെ? ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്തുകൊണ്ട് കണ്ടെത്താൻ കഴിയുന്നില്ല?

Post a Comment

Previous Post Next Post
Join Our Whats App Group