Join News @ Iritty Whats App Group

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ക്ക് മേപ്പാടി സ്‌കൂളില്‍ താല്‍ക്കാലിക പഠനം: ടൗണ്‍ഷിപ്പിലൂടെ പുതിയ സ്‌കൂള്‍ നിര്‍മ്മിക്കും

വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ക്ക് മേപ്പാടി സ്‌കൂളില്‍ താല്‍ക്കാലിക പഠനത്തിന് വഴിയൊരുങ്ങും. 20 ദിവസത്തിനുള്ളില്‍ ക്ലാസുകള്‍ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ദുരിതബാധിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ടൗണ്‍ഷിപ്പിന്റെ ഭാഗമായി പുതിയ സ്‌കൂള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉരുള്‍പൊട്ടലില്‍ അപ്പാടെ തകര്‍ന്നത് രണ്ട് സ്‌കൂളുകളാണ്. വെള്ളാര്‍മല വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറിയും മുണ്ടക്കൈ എല്‍ പി സ്‌കൂളും. രണ്ട് സ്‌കൂളുകളിലുമായി 600 അധികം കുട്ടികള്‍ പഠിക്കുന്നുണ്ട്. 15 കിലോ മീറ്ററോളം ദൂരത്തുള്ള മേപ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഒരു ഭാഗം രണ്ട് സ്‌കൂളുകള്‍ക്കുമായി പകുത്തു നല്‍കാനാണ് നിലവിലെ ധാരണ. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം വിദ്യാര്‍ത്ഥികളുടെ ക്ലാസുകള്‍ മുടങ്ങാതിരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും വൈകാതെ ക്ലാസുകള്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

ഇതിന് മുന്നോടിയായി മേപ്പാടി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മാറണം. ടൗണ്‍ഷിപ്പ് പദ്ധതിയുടെ രൂപരേഖ ആകുമ്പോഴേക്കും പുതിയ സ്‌കൂള്‍ എവിടെയെന്നും തീരുമാനിക്കും. ക്യാമ്പുകളില്‍ ഉള്‍പ്പെടെ കഴിയുന്ന കുട്ടികളെ താല്‍ക്കാലിക സ്‌കൂളിലേക്ക് എത്തിക്കാന്‍ കെഎസ്ആര്‍ടിസിയുടെ സഹായം തേടും. അതേസമയം, സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വയനാട്ടില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് വിതരണം ചെയ്യും.

Post a Comment

Previous Post Next Post
Join Our Whats App Group