Join News @ Iritty Whats App Group

'ഇപിക്ക് ബിജെപി ബന്ധമെന്ന പ്രതിപക്ഷ ആരോപണം സത്യമായി, കേരള പൊലീസ് സിപിഎമ്മിന്‍റെ ഏറാൻ മൂളികളായി; വിഡി സതീശൻ

തിരുവനന്തപുരം:എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇപി ജയരാജനെ നീക്കിയതോടെ പ്രതിപക്ഷം ഇതുവരെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇപി ജയരാജന് ബിജപിയുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിയായെന്ന് വിഡി സതീശൻ തൃശൂരില്‍ പറഞ്ഞു. ഇപി ജയരാജന് ബിജെപി ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചത് പ്രതിപക്ഷമാണ്. ബിജെപി നേതാവ് ജാവദേക്കറെ ഇപിയും മുഖ്യമന്ത്രിയും എന്തിന് കണ്ടുവെന്നും വിഡി സതീശൻ ചോദിച്ചു. കേസുകള്‍ ദുര്‍ബലമാക്കാനാണ് ജാവദേക്കറെ കണ്ടതന്നും വിഡി സതീശൻ പറഞ്ഞു.

പിവി അന്‍വര്‍ എംഎല്‍എയുമായി പത്തനംതിട്ട എസ്‍പി നടത്തുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതിലുടെയും എഡിജിപി എംആര്‍ അജിത്ത്കുമാറിനെതിരായ ആരോപണത്തിലും കേരള പൊലീസ് മുണ്ടിട്ട് പുറത്തിറങ്ങേണ്ട അവസ്ഥയിലാണെന്ന് വിഡി സതീശൻ പറഞ്ഞു. കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ്. പാര്‍ട്ടിയുടെ അടിമക്കൂട്ടമാണ് പൊലീസ്. പൊലീസിലും സിപിഎം-ബിജെപി ബന്ധമുണ്ട്. കേരള പൊലീസ് സിപിഎമ്മിന്‍റെ ഏറാൻ മൂളികളായി മാറി. എഡിജിപി കോഴ വാങ്ങിയെന്ന് എസ്പി പറയുകയാണ്.

എസ്‍പിയുടെ അഴിമതിയാരോപണം അൻവര്‍ എംഎല്‍എയും ശരിവെക്കുന്നു. സത്യസന്ധനായ മലപ്പുറം എസ്‍പി അപകീര്‍ത്തിപ്പെടുത്തുകയാണ് അൻവര്‍ എംഎല്‍എയും എസ്‍പിയും. എസ്‍പി ഭണകക്ഷി എംഎല്‍എയുടെ കാലുപിടിക്കുന്ന അവസ്ഥയാണുള്ളത്. ഇതില്‍ മുഖ്യമന്ത്രി മറുപടി പറയണം. കേരള പൊലീസിനെ ഭരിക്കുന്നത് സിപിഎമ്മാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയും ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നത്. പൊളിറ്റിക്കൽ സെക്രട്ടറി-എഡിജിപി അച്ചുതണ്ടാണ് പൊലീസില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും വിഡി സതീശൻ ആരോപിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group