Join News @ Iritty Whats App Group

പന്നി ഇസ്ലാം വിശ്വാസികള്‍ക്ക് നിഷിദ്ധം; ക്രൈസ്തവര്‍ക്ക് ഇഷ്ടവിഭവം; കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവിലും മതം കുത്തികയറ്റരുത്; ‘പന്നിയിറച്ചി വിരോധികള്‍’ക്കെതിരെ കെടി ജലീല്‍

ഡി.വൈ.എഫ്.ഐ ഏതെങ്കിലും പ്രത്യേക മതവിശ്വാസത്തോട് ചേര്‍ന്നു നില്‍ക്കുന്ന സംഘടനയല്ലെന്നും അതില്‍ പന്നിയിറച്ചി കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ടെന്നും മുന്‍ മന്ത്രി കെടി ജലീല്‍. സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദേഹം. പന്നിയിറച്ചി ചാലഞ്ച് നടത്തി പണം സ്വരൂപിച്ച് ദുരിതബാധിതര്‍ക്ക് നല്‍കുന്നതിനെ എതിര്‍ത്ത് ചില പോസ്റ്റുകള്‍ ലീഗുകാരുടെയും ജമാഅത്തെ ഇസ്ലാമിക്കാരുടെയും സാമൂഹ്യ മാധ്യമ വാളുകളില്‍ കാണാന്‍ ഇടയായി. പന്നി ഇസ്ലാംമത വിശ്വാസികള്‍ക്ക് നിഷിദ്ധമാണ്. എന്നാല്‍ ക്രൈസ്തവ മതക്കാര്‍ക്ക് അത് ഇഷ്ടവിഭവമാണ്. ബീഫ് നിഷിദ്ധമാണെന്ന് കരുതുന്ന മതക്കാര്‍ നാട്ടിലുണ്ട്. എന്നാല്‍ പോത്തിറച്ചി വിറ്റ് കിട്ടിയ പണം ദുരിത ബാധിതര്‍ക്ക് കൊടുക്കരുതെന്ന് അവരാരും പറഞ്ഞതായി കേട്ടില്ല.

പലിശ മുസ്ലിങ്ങള്‍ക്ക് നിഷിദ്ധമാണ്. എന്നാല്‍ പലിശ സ്ഥാപനങ്ങള്‍ കൊടുക്കുന്ന പണം ദുരിത ബാധിതര്‍ക്ക് വേണ്ടെന്ന് ”പന്നിയിറച്ചി വിരോധികള്‍’ പറയാത്തതെന്താണ്? പന്നിയിറച്ചി കഴിക്കുന്നതിനെക്കാള്‍ വലിയ പാപമല്ലേ പലിശ മുതല്‍ ഭക്ഷിക്കല്‍? മദ്യം മുസ്ലിങ്ങള്‍ക്ക് നിഷിദ്ധമാണ്. ക്രൈസ്തവര്‍ക്കോ ഹൈന്ദവര്‍ക്കോ മതപരമായി മദ്യം നിഷിദ്ധമല്ല. മദ്യപാനിക്ക് സ്വര്‍ഗ്ഗം അപ്രാപ്യമാണെന്ന് മുസ്ലിങ്ങളെപ്പോലെ അവര്‍ പറയുന്നുമില്ല. മദ്യമുതലാളിമാരുടെ സംഭാവന വേണ്ടെന്ന് ‘പന്നിവരുദ്ധര്‍’ ഉല്‍ഘോഷിച്ചത് കണ്ടില്ല.

ഡി.വൈ.എഫ്.ഐ ഏതെങ്കിലും പ്രത്യേക മതവിശ്വാസത്തോട് ചേര്‍ന്നു നില്‍ക്കുന്ന സംഘടനയല്ല. അതില്‍ പന്നിയിറച്ചി കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരുമുണ്ട്. പലിശ വാങ്ങുന്നവരും വാങ്ങാത്തവരുമുണ്ട്. ബീഫ് ചാലഞ്ചും പോര്‍ക്ക് ചാലഞ്ചും ഡി.വൈ.എഫ്.ഐക്ക് ഒരുപോലെയാണ്.

ബീഫ് കഴിക്കുന്നവനെ തല്ലിക്കൊല്ലണമെന്ന് പറയുന്നതും പന്നിയിറച്ചി കഴിക്കുന്നവരെ വെറുക്കണമെന്ന് പറയുന്നതും തമ്മില്‍ എന്തു വ്യത്യാസം? ഇടതുപക്ഷത്തിന് മതമില്ല. എല്ലാമതക്കാരെയും അത് ഉള്‍കൊള്ളുന്നു. നിയമം അനുവദിക്കുന്നതിനാല്‍ ധനസമാഹരണത്തിന് ‘പോര്‍ക്ക് ചാലഞ്ചും ബീഫ് ചാലഞ്ചും’ ഡി.വൈ.എഫ്.ഐക്ക് നടത്താന്‍ ഭരണഘടനാപരമായി അവകാശമുണ്ട്. ലീഗും ജമാഅത്തെ ഇസ്ലാമിയും അതിന്റെ പേരില്‍ ഡി.വൈ.എഫ്.ഐയെ താറടിക്കാന്‍ ശ്രമിക്കേണ്ട.

കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും ശ്വസിക്കുന്ന വായുവില്‍ പോലും മതവും വര്‍ഗ്ഗീയതയും കുത്തിക്കലക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്ന ‘കുലുക്കിസര്‍ബത്ത്’ ഉണ്ടാക്കി വില്‍ക്കുന്ന ഏര്‍പ്പാട് ഇനിയെങ്കിലും ലീഗുകാരും ജമാഅത്തെഇസ്ലാമിക്കാരും അവസാനിപ്പിക്കണമെന്നും അദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group