Join News @ Iritty Whats App Group

നിർണായക വിവരം; കാണാതായ പെൺകുട്ടി ചെന്നൈയിലെത്തി, കഴക്കൂട്ടം പൊലീസ് പുറപ്പെട്ടു

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ ആസാമീസ് പെൺകുട്ടി തസ്മിദ് തംസുമിൻ ചെന്നൈയിലെത്തിയതായി സ്ഥിരീകരണം. കാണാതായ കുട്ടി ട്രെയിൻ ഇറങ്ങുന്നതിൻ്റെ കൂടുതൽ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു. അതേസമയം, പെണ്‍കുട്ടി ചെന്നൈയിൽ നിന്നും ഗുഹാവത്തിയിലേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടുന്നത്. ഗുഹാവത്തി എക്സ് പ്രസ് ഇന്ന് രാവിലെ 10.45 ന് ചെന്നൈയിൽ നിന്നു പുറപ്പട്ടിട്ടുണ്ട്. കുട്ടി ഈ ട്രെയിനിൽ കയറിയോ എന്നാണ് പൊലീസ് സംശയിക്കുന്നത്. 

ചെന്നൈ - എഗ്മൂർ എക്സ്പ്രസിൽ കുട്ടി കയറിയെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ സ്റ്റേഷനുകളിലേക്ക് പൊലീസ് പുറപ്പെട്ടിരുന്നു. കുട്ടി മൂന്നു പ്രാവശ്യം ട്രെയിൻ കയറി ഇറങ്ങിയെന്നും ട്രെയിൻ പുറപ്പെടുന്നതിന്ന് അൽപ്പം മുമ്പ് കുട്ടി ചെന്നൈ-എ​ഗ്മൂർ എക്സ്പ്രസിൽ കയറിയെന്നും പൊലീസ് വ്യക്തമാക്കി. വിവരത്തെ തുടർന്ന് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം ഒരു സംഘം അസമിലേക്കും പോകാൻ തീരുമാനിച്ചിരുന്നു.

അമ്മ വഴക്കുപറഞ്ഞതിനെത്തുടര്‍ന്ന് പതിമൂന്നൂകാരിയായ തസ്മിദ് തംസും കഴക്കൂട്ടത്തെ വാടകവീട്ടില്‍നിന്ന് ഇറങ്ങിപ്പോയത് ഇന്നലെ രാവിലെ പത്തുമണിയോടെയാണ്. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെത്തി ബംഗളൂരു-കന്യാകുമാരി ട്രെയിനില്‍ കയറി. ഈ വിവരം അന്വേഷണ സംഘത്തിന് ലഭിക്കുന്നത് പുലര്‍ച്ചെ മൂന്നുമണിക്ക് ശേഷമാണ്. ഇന്നലെ ഉച്ചയ്ക്ക് അതേ ട്രെയിനിലുണ്ടായിരുന്ന ബബിത എന്ന വിദ്യാര്‍ഥിനിയാണ് കുട്ടി ട്രെയിനില്‍ ഇരിക്കുന്ന ഫോട്ടോ എടുത്തത്. പെണ്‍കുട്ടി കരയുന്നതും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതും കണ്ടതിലെ അസ്വാഭാവികതയായിരുന്നു കാരണം. തസ്മിദിനെ കാണാനില്ലെന്ന വാര്‍ത്ത കണ്ടാണ് ബബിത ഈ ഫോട്ടോ പൊലീസിന് കൈമാറുന്നത്.

പിന്നീട് നടത്തിയ അന്വേഷണത്തില്‍ നാഗര്‍കോവിലില്‍ ഇറങ്ങി വെള്ളമെടുത്ത ശേഷം അതേ ട്രെയിനില്‍ തിരികെ കയറുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതോടെ കുട്ടി കന്യാകുമാരിയിലേക്ക് പോയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. ഇതിനെ സാധൂകരിക്കുന്ന രീതിയിലുളള വിവരമാണ് ലഭിച്ചതും. എന്നാൽ കുട്ടി അവിടെ നിന്നും ചെന്നൈയിലേക്ക് പുറപ്പെട്ടതായാണ് വിവരം. ഇപ്പോൾ ചെന്നൈയിൽ ഇറങ്ങിയ കുട്ടി അവിടെ നിന്നും ഗുവാഹത്തിയിലേക്കും പുറപ്പെട്ടുവെന്നാണ് പൊലീസ് നൽകുന്ന സൂചന

Post a Comment

Previous Post Next Post
Join Our Whats App Group