Join News @ Iritty Whats App Group

'ജനസംഖ്യാ നിയന്ത്രണത്തിൽ ഇന്ത്യക്കാർക്ക് ശ്രദ്ധയില്ല'; വെല്ലുവിളി നേരിടേണ്ടി വരുമെന്ന് നാരായണ മൂർത്തി

പ്രയാഗ്‌രാജ്: ജനസംഖ്യാ വർധനവ് രാജ്യത്തിന് വലിയ വെല്ലുവിളിയാണെന്ന് ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണ മൂർത്തി. അടിയന്തരാവസ്ഥ കാലഘട്ടം മുതൽ ജനസംഖ്യാ നിയന്ത്രണത്തിൽ ഇന്ത്യക്കാർ ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രയാഗ്‌രാജിലെ മോത്തിലാൽ നെഹ്‌റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു നാരായണ മൂർത്തി. ജനസംഖ്യ, പ്രതിശീർഷ ഭൂമി ലഭ്യത, ആരോഗ്യ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യ കാര്യമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

അടിയന്തരാവസ്ഥക്കാലം മുതൽ, ജനസംഖ്യാ നിയന്ത്രണത്തിൽ നമ്മൾ ഇന്ത്യക്കാർ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ല. ഇത് നമ്മുടെ രാജ്യത്തെ സുസ്ഥിരമാക്കാൻ സാധിക്കാത്ത തരത്തിൽ ആശങ്കപ്പെടുത്തുന്നു. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ, യുഎസ്, ബ്രസീൽ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ആളോഹരി ഭൂമി ലഭ്യത വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു യഥാർത്ഥ പ്രൊഫഷണലിൻ്റെ ഉത്തരവാദിത്തം രാജ്യത്തിൻ്റെ പുരോഗതിക്ക് സംഭാവന ചെയ്യുകയാണ്. ഒരു തലമുറ അടുത്തവരുടെ ജീവിതം മെച്ചപ്പെടുത്താൻ ഒരുപാട് ത്യാഗങ്ങൾ സഹിക്കേണ്ടി വരും. എൻ്റെ പുരോഗതിക്കായി എൻ്റെ മാതാപിതാക്കളും സഹോദരങ്ങളും അധ്യാപകരും കാര്യമായ ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്. അവരുടെ ത്യാഗങ്ങൾ വെറുതെയായില്ല എന്നതിൻ്റെ തെളിവാണ് ഇവിടെ മുഖ്യാതിഥിയായി എത്താൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group