ഇരിട്ടി: ആറളം കാർഷിക ഫാമിൽ സോളാർ ഫെൻസിംഗ് തകർത്ത് തെങ്ങിൻ തോട്ടത്തിലും നഴ്‌സറിയിലും കാട്ടാനയുടെ വിളയാട്ടം. കോക്കനട്ട് നഴ്‌സറിയിൽ വിൽപ്പനക്കായി ഒരുക്കിയ നിരവധി തെങ്ങിൻ തൈകൾ നശിപ്പിച്ച കാട്ടാന ഫാം ഗോഡൗണിന് സമീപം അടുത്ത കാലത്ത് നട്ടുപിടിപ്പിച്ച തെങ്ങിൻ തൈകളും നശിപ്പിച്ചു.
ഫാമിലെ കൃഷിയിടങ്ങളിൽ വര്ഷങ്ങളായി തമ്പടിച്ചു കിടന്നിരുന്ന കാട്ടാനകളെ കഴിഞ്ഞ മാസങ്ങളിൽ നടന്ന ആനതുരത്തൽ ഓപ്പറേഷനിലൂടെ കാടുകയറ്റാൻ അധികൃതർക്കായിരുന്നു. സോളാർ തൂക്കുവേലി സ്ഥാപിച്ച് ആനകൾ വീണ്ടും കാർഷിക ഫാമിലേക്ക് തിരിച്ചു വരാതിരിക്കാനുള്ള നടപടികളും സ്വീകരിച്ചിരുന്നു. ഇതോടെ കുറച്ചു കാലമായി കാട്ടാനശല്യത്തിന് ഏറെ ശമന മുണ്ടായിരുന്നു. എന്നാൽ രണ്ടു ദിവസമായി രൂക്ഷമായ കാട്ടാന ശല്യമാണ് ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കാടുകയറ്റിയ കാട്ടാനകളിൽ ചിലത് പുനരധിവാസ മേഖലയിലെ കാടുനിറഞ്ഞ പ്രദേശങ്ങളിൽ തമ്പടിച്ചിരിക്കയാണ്. ഇത്തരം കാട്ടാനകളാണ് ഇപ്പോൾ കാർഷിക ഫാമിന് വിനാശം തീർക്കുന്നത്.
ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച പുലർച്ചെയുമായി എത്തിയ കാട്ടാനകൾ പാലപ്പുഴ - കീഴ്പ്പള്ളി റോഡരികിലെ കൃഷിയിടങ്ങൾ സംരക്ഷിക്കാൻ ലക്ഷങ്ങൾ മുതൽ മുടക്കി സ്ഥാപിച്ച വൈദ്യുതി വേലി തകർത്ത് ഗോഡൗണിന്റെ അകത്തുകയറി അടുത്തിടെ നട്ടു പിടിപ്പിച്ച നിരവധി തെങ്ങിൻ തൈകൾ നശിപ്പിച്ചു. ഗോഡൗണിന്റെ എതിർവശത്തെ കോക്കനട്ട് നഴ്‌സറിയിലും കയറിയ കാട്ടാന വിൽപ്പനക്കായി ഒരുക്കിയ നിരവധി തെങ്ങിൻ തൈകളും നശിപ്പിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന നടത്തിയവിളയാട്ടത്തില്‍ നിരവധി തെങ്ങുകള്‍ നശിപ്പിച്ചതായും, ഫാമിലെ കാട്ടാന തുരത്തൽ അടിയന്തിരമായി പുനരാരംഭിക്കണമെന്നും ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ നിധീഷ് കുമാർ വനം വകുപ്പധികൃതരോട് ആവശ്യപ്പെട്ടു. ജനവാസ മേഖലയില്‍ ഉള്‍പെടെ കാട്ടാനയുടെ വിളയാട്ടം ഉണ്ടായിട്ടും ഇവയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ വനപാലകര്‍ കര്‍ശനനടപടിയെടുക്കുന്നില്ലന്ന് പരക്കേ ആക്ഷേപവും ഉയരുന്നുണ്ട്.
Post a Comment