കൊച്ചി : വയനാട് ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തകാരണം ക്വാറികളല്ലെന്നു സര്‍ക്കാര്‍തല അന്വേഷണ റിപ്പോര്‍ട്ട്. ഈ പ്രദേശത്ത് അനധികൃത ക്വാറികളില്ല. അതിനാല്‍, ക്വാറികളാണു ദുരന്തത്തിനു കാരണമെന്ന വാദം ശരിയല്ലെന്നും വയനാട് ജില്ലാ കലക്ടര്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനമാണു മണ്ണിടിച്ചിലിനു കാരണം.
കലക്ടറുടെ റിപ്പോര്‍ട്ട് ഇന്നലെ നടന്ന മന്ത്രിസഭായോഗത്തില്‍ ചീഫ് സെക്രട്ടറി വിവരിച്ചു. ഉരുള്‍പൊട്ടല്‍ നടന്ന മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ മൂന്നു പഞ്ചായത്തുകളിലായി മുപ്പതില്‍പരം റിസോര്‍ട്ടുകളുണ്ട്. ഇടത്തരം റിസോര്‍ട്ടുകളാണു പലതും. സുരക്ഷിതമല്ലാതെ കിഴുക്കാംതൂക്കായ സ്ഥലത്താണു ഇവ നിര്‍മ്മിച്ചിരിക്കുന്നത്. കെട്ടിടങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ചതാണു ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തില്‍ അടിക്കടി അപ്രതീക്ഷിതായി കനത്ത മഴയും നാശവും ഉണ്ടാകുന്നതിനു കാലാവസ്ഥ വ്യതിയാനവുമായുള്ള അടുത്ത ബന്ധം പരിസ്ഥിതി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പരിസ്ഥിതി വകുപ്പ് ദേശീയ ഹരിത ട്രിബ്യൂണലിനു (എന്‍.ജി.ടി.) മറുപടി നല്‍കും. ദുരന്തത്തിന്റെ കാരണം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നു സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞാഴ്ച എന്‍.ജി.ടി. സതേണ്‍ ബഞ്ച് നിര്‍ദ്ദേശം നല്‍കിയിരുന്നു. കരിങ്കല്‍ ക്വാറികള്‍ക്കു അനധികൃതമായി പെര്‍മിറ്റ് നല്‍കിയതാണോ, പരിസ്ഥിതി നാശമാണോ കാരണമെന്നു പരിശോധിക്കണമെന്നാണു മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ എടുത്ത കേസില്‍ ചെന്നൈ ആസ്ഥാനമായ എന്‍.ജി.ടി. ദക്ഷിണമേഖലാ ബഞ്ചിന്റെ നിര്‍ദ്ദേശം. കേരള ദുരന്ത നിവാരണ അഥോറിറ്റി ചെയര്‍മാന്‍ കൂടിയായ സംസ്ഥാന ചീഫ് സെക്രട്ടറിയാണു റിപ്പോര്‍ട്ടു നല്‍കേണ്ടത്.
കഴിഞ്ഞ രണ്ടിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ആവശ്യപ്പെട്ടതെങ്കിലും സര്‍ക്കാര്‍ കൂടുതല്‍ സമയം ചോദിക്കുകയായിരുന്നു. വിഷയം നാളെ വീണ്ടും എന്‍.ജി.ടി. പരിഗണിക്കും. മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പും പരിസ്ഥിതി വകുപ്പും സംയുക്തമായാണു ദുരന്തസ്ഥലത്തു പരിശോധന നടത്തിയത്. തുടര്‍ന്നു ജില്ലാ കലക്ടര്‍ക്കു പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു. ക്വാറികളാണു മണ്ണിടിച്ചിലിന്റെ പ്രധാന കാരണമെന്നു ാേകന്ദ്ര മന്ദ്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ലമെന്റില്‍ ആ്രോപണമുന്നയിച്ചിരുന്നു. അനധികൃത കുടിലയേറ്റത്തിനു ഒത്താശചെയ്യുന്നതും അനധികൃത കരിങ്കല്‍ ക്വാറികള്‍ക്കു അനുമതി നല്‍കുന്നതും രാ്ഷരളീയ പാര്‍ട്ടികളും സര്‍ക്കാരുകളുമാണെന്നാണു കേന്ദ്രമന്ത്രി പറഞ്ഞത്.
ഇക്കാര്യം പരിസ്ഥിതി വിദഗ്ധരും ആവര്‍ത്തിച്ചിരുന്നു. 1950 നും 2018 നുമിടയില്‍ വയനാട് ജില്ലയിലെ വനവിസ്തൃതി 62 ശതമാനമാണു കുറഞ്ഞത്. ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആര്‍.ഒയുടെ ദേശീയ വിദൂര സംവേദന കേന്ദ്രം കഴിഞ്ഞ വര്‍ഷത്തെ പഠന റിപ്പോര്‍ട്ട് പ്രകാരം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത കൂടിയ ഇന്ത്യയിലെ 30 ജില്ലകളില്‍ 13-ാം സ്ഥാനത്താണ് വയനാട്. വയനാട്ടില്‍ പശ്ചിമ ഘട്ടത്തിന്റെ കിഴക്കന്‍ ചെരിവില്‍ നിന്നു 4,000 ല്‍പരം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കണമെന്നു നാലു വര്‍ഷം മുമ്പു സംസ്ഥാന ദുരന്തകാര്യ അതോറിട്ടി തന്നെ നിര്‍ദേശിച്ചതാണ്.
2018 ല്‍ നൂറോളം മണ്ണിടിച്ചില്‍ സംഭവങ്ങള്‍ വയനാട്ടിലും സമീപ പശ്ചിമഘട്ട മേഖലകളിലുമുണ്ടായി. എന്നാല്‍ ശിപാര്‍ശകള്‍ നടപ്പാക്കുന്നതിനു പകരം രാഷ്ട്രീയ കാരണങ്ങളാല്‍ ഗാഡ്ഗില്‍ മുന്നോട്ടുവച്ച നിര്‍ദേശം ജനതാല്‍പര്യമെന്ന പേരില്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നതും ദുരന്തം ക്ഷണിച്ചു വരുത്തുന്നതാണെന്നുമുള്ള റിപ്പോര്‍ട്ടുകളിലാണു എന്‍.ജി.ടി. സര്‍ക്കാരിന്റെ മറുപടി തേടിയിരിക്കുന്നത്.
Post a Comment