കൊച്ചി: സിനിമ മേഖലയിലെ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ പ്രതികരണമറിയിച്ച് താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി നടൻ സിദ്ദിഖ്.
ആർക്കെതിരെയാണ് വിവേചനം ഉണ്ടായതെന്നും ആരൊക്കെയാണ് പരാതിപ്പെട്ടതെന്നും ഉൾപ്പടെയുള്ള കാര്യങ്ങൾ വിശദമായ പഠിക്കേണ്ടതുണ്ടെന്ന് സിദ്ദിഖ് പറഞ്ഞു.
റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം എന്താണ് പറയേണ്ടതെന്ന കാര്യത്തിൽ തീരുമാനമെടുക്കാം. മറ്റു സംഘടനകളുമായി ചേർന്ന് ആലോചിക്കേണ്ടതുണ്ടെന്നും സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞു.
‘ഏത് കാര്യത്തിലാണ് മറുപടി പറയേണ്ടതെന്നതിന് കൃത്യമായ ധാരണയില്ല. രണ്ട് ദിവസമായി ”അമ്മ”യുടെ ഒരു ഷോയുടെ റിഹേഴ്സലുമായി ബന്ധപ്പെട്ട് എല്ലാവരും എറണാകുളത്ത് കൂടിയിരിക്കുകയാണ്. റിപ്പോർട്ട് വിശദമായിട്ട് പഠിച്ചിട്ട് എന്ത് മറുപടിയാണ് പറയേണ്ടത് എന്നതിനെപ്പറ്റി തീരുമാനമെടുക്കാം.
മറ്റ് സംഘടനകളുമായി കൂടിയാലോചിക്കേണ്ടതുണ്ട്. വളരെ സെൻസിറ്റീവ് ആയ വിഷയമാണ്. അറിയാതെ ഒരു വാക്ക് പറഞ്ഞാൽ പോലും ഭാവിയിൽ വലിയ പ്രശ്നങ്ങളുണ്ടാകും.
ആർക്കെതിരെയാണ് വിവേചനം, ഏത് രീതിയിലാണ് വിവേചനം, ആരാണ് പരാതിപ്പെട്ടത്, ആർക്കെതിരെയാണ് പരാതി എന്നൊക്കെ വിശദമായി പഠിക്കണം’, സിദ്ദിഖ് പറഞ്ഞു.
Post a Comment