Join News @ Iritty Whats App Group

മുകേഷ് എംഎല്‍എയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; ബലാത്സംഗ കേസിലെ പ്രതിയെ സംരക്ഷിക്കാന്‍ സിപിഎം ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളില്‍ ആരോപണം നേരിടുന്ന മുകേഷ് എംഎല്‍എയുടെ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മുകേഷിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്ത സമരം പൊലീസ് ബാരിക്കേഡ് വച്ച് തടയുകയായിരുന്നു.

എംഎല്‍എയുടെ ഓഫീസിന് 100 മീറ്റര്‍ മുന്‍പ് സമരക്കാരെ തടഞ്ഞതിന് പിന്നാലെ പൊലീസ് നടത്തിയ ലാത്തിചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കും ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റിട്ടുണ്ട്. ബലാത്സംഗ കേസില്‍ പ്രതിയായ ഒരു എംഎല്‍എയെ സംരക്ഷിക്കാന്‍ വനിതാ പ്രവര്‍ത്തകരെ അടക്കം അടിച്ചോടിച്ചുവെന്ന് ലാത്തിച്ചാര്‍ജ്ജിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച രാഹുല്‍മാങ്കൂട്ടത്തില്‍ പറഞ്ഞു.

അതേസമയം മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം. സംസ്ഥാന സമിതിയിലാണ് ഇത് സംബന്ധിച്ച് തീരുമാനമാനമായത്. അതിനിടെ പരാതി രാഷ്ട്രീയപ്രേരിതമാണെന്നും ബ്ലാക്‌മെയിലിംഗിന്റെ ഭാഗമാണെന്നുമാണ് മുകേഷിന്റെ വിശദീകരണം.

തനിക്കെതിരെ ഉയര്‍ന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ വിശദീകരണം. നടി അയച്ച വാട്‌സ്അപ്പ് സന്ദേശങ്ങള്‍ കൈവശം ഉണ്ടെന്നും മുകേഷ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. അതേസമയം നേരത്തെയും മുകേഷ് സ്ഥാനത്തുനിന്ന് രാജിവെക്കേണ്ടന്ന് സിപിഎം വ്യക്തമാക്കിയിരുന്നു.

അവെയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു തീരുമാനം. തല്‍ക്കാലം ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്നും മാറ്റാനും തീരുമാനിച്ചിരുന്നു. കേസിന്റെ മുന്നോടുള്ള പോക്ക് പരിശോധിക്കുമെന്നും സിപിഎം വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group