കൊച്ചി: ഹേമാ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി നടന്‍ തിലകന്റെ മകള്‍ സോണിയ തിലകന്‍. തനിക്കെതിരെയും മോശമായ പെരുമാറ്റമുണ്ടായതായി സോണിയ പറഞ്ഞു. സിനിമയില്‍ വലിയ സ്വാധീനമുള്ള പ്രമുഖ നടനില്‍ നിന്നാണ് തനിക്ക് ദുരനുഭവം ഉണ്ടായത്. ഇയാള്‍ റൂമിലേക്ക് വരാനായി ഫോണില്‍ സന്ദേശമയയ്ക്കുകയായിരുന്നു. മോള്‍ എന്ന് വിളിച്ചാണ് റൂമിലേക്ക് ക്ഷണിച്ചുള്ള സന്ദേശമയച്ചതെന്നും ശേഷം മോശം അനുഭവമാണ് ഉണ്ടായതെന്നും സോണിയ വ്യക്തമാക്കി.
ഉചിതമായ സമയം ആകുമ്പോള്‍ ഇയാളുടെ പേര് വെളിപ്പെടുത്തുമെന്നും സോണിയ പറഞ്ഞു. സംഘടനയിലെ പുഴുക്കുത്തുകള്‍ക്കെതിരെ പറഞ്ഞതിന് അച്ഛനെ പുറത്താക്കി. അച്ഛനെതിരെ വലിയ നീക്കം സംഘടനയില്‍ ഉണ്ടായിട്ടുണ്ട്. അമ്മ എന്ന സംഘടന 'കോടാലി' ആണെന്ന് അച്ഛന്‍ പറഞ്ഞിരുന്നു. തന്റെ അനുഭവവും അതാണ്. റിപ്പോര്‍ട്ടില്‍ പുറത്ത് വരാത്ത വിവരങ്ങളും പുറത്ത് വിടണമെന്നും സോണിയ ആവശ്യപ്പെട്ടു.
ഇങ്ങനെയൊരു റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടും അമ്മയുടെ ജനറല്‍ സെക്രട്ടറി ഇതുവരെ പ്രതികരിച്ചിട്ടില്ല. അച്ഛനെ പുറത്താക്കാന്‍ കാണിച്ച ആര്‍ജ്ജവം എന്തുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിഷയത്തില്‍ കാണിക്കുന്നില്ല എന്നും സോണിയ തിലകന്‍ പറഞ്ഞു. മലയാള സിനിമയിലെ ഒരു പ്രധാന നടന്റെ മകളായിട്ട് കൂടി തനിക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടായെങ്കില്‍ പുതുമുഖങ്ങളുടെ അവസ്ഥ ആലോചിക്കാവുന്നതേയുള്ളൂവെന്നും സോണിയ മാധ്യമങ്ങളോട് പറഞ്ഞു.
Post a Comment