ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ മലയാള സിനിമ രംഗത്തെ പറ്റി ഗുരുതരമായ പരാമർശങ്ങളാണ് അടങ്ങിയിരിക്കുന്നത്. നടിമാര്‍ നേരിടുന്ന ലൈംഗികാതിക്രമം ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ റിപ്പോർട്ടില്‍ വിശദമായി തന്നെ പരാമർശിച്ചിട്ടുണ്ട്. പരാതി പരിഹാര സംവിധാനങ്ങളില്ലാതെ ലൈംഗികാതിക്രമങ്ങള്‍ നടക്കുന്ന ഇടമാണ് സിനിമാ വ്യവസായമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ചില നിര്‍മ്മാതാക്കളും സംവിധായകരും അഭിനേതാക്കളും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും അടങ്ങുന്ന ഒരു കോക്കസാണ് മലയാള ചലച്ചിത്ര വ്യവസായത്തെ നിയന്ത്രിക്കുന്നത്. അധികാര ബന്ധമുള്ള ആരെങ്കിലും ലൈംഗികാതിക്രമം നടത്തുമ്പോള്‍, സംഭവം നടന്ന പ്രത്യേക സിനിമയില്‍ നിന്ന് മാത്രമല്ല, മറ്റുള്ള എല്ലാ സിനിമകളില്‍ നിന്നും പുറത്താക്കപ്പെടുമെന്നതുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ ഭയമാണെന്ന ശ്രദ്ധേയമായ കാര്യവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
തികഞ്ഞ ആണ്‍മേല്‍ക്കോയ്മായാണ് മലയാള സിനിമയില്‍ നിലനില്‍ക്കുന്നത്. പലരും നടിമാരെ വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ നിർബന്ധിക്കുന്നു. സ്ത്രീകൾക്ക് പ്രാഥമികൾ സൗകര്യങ്ങൾ നിറവേറ്റാനുള്ള സജ്ജീകരണങ്ങള്‍ പോലുമില്ല. കുറ്റിച്ചെടികളുടേയും മരത്തിന്റേയും മറവില്‍ വെച്ച് വസ്ത്രം മാറേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്.
പണത്തിന് വേണ്ടി മാത്രമാണ് സിനിമയിലേക്ക് സ്ത്രീകള്‍ വരുന്നതെന്നാണ് ചിലർ കരുതുന്നത്. അതിനാൽ തന്നെ നടിമാർ എന്ത് വിട്ടുവീഴ്ചയും ചെയ്യുമെന്നാണ് ഇവരുടെ ധാരണ. സിനിമയിലേക്ക് കടന്നുവരുന്ന സമയം മുതൽ ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയരാകുന്ന സ്ത്രീകളുണ്ട്. പരാതി പറയുന്നവരുടെ അവസരങ്ങള്‍ നഷ്ടമാകുന്നു.
കലയോടുള്ള താൽപര്യം കൊണ്ടാണ് സ്ത്രീകൾ സിനിമയിലേക്ക് വരുന്നതെന്ന് അംഗീകരിക്കാന്‍ പോലും തയ്യാറാകുന്നില്ല. നടൻമാർ വാതിലുകളിൽ വന്ന് മുട്ടുകയാണ്. പലരും കൂടെ ഉറങ്ങാന്‍ നിർബന്ധിക്കുന്നു. ഒരു സിനിമയില്‍ ആലിംഗനത്തിന്റെ ചിത്രീകരണം 14 തവണ വരെ റീടേക്ക് എടുത്തു. അതിക്രമം കാണിക്കുന്നവരിൽ വലിയ താരങ്ങൾ മുതല്‍ മുതിർന്ന സംവിധായകർ വരേയുണ്ടെന്നും മൊഴികളുടെ അടിസ്ഥാനത്തില്‍ റിപ്പോർട്ട് പറയുന്നു.
സിനിമ മേഖലയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്ന ഡബ്ല്യു സി സി അംഗങ്ങള്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ നഷ്ടമാകുന്നുവെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്. ഡബ്ല്യു സി സി അംഗങ്ങളില്‍ ആരേയും സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്ന് സിനിമയിലെ മുതിർന്ന താരങ്ങള്‍ തന്നെ തുറന്ന് പറയുന്ന സ്ഥിതിയുണ്ടായി.
ഡബ്ല്യു സി സി രൂപീകരിച്ച അംഗങ്ങളില്‍ ഒരാള്‍ക്ക് മാത്രമാണ് സിനിമ കിട്ടിയിരുന്നത്. ആ അംഗവും കമ്മിറ്റിക്ക് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്. സിനിമ രംഗത്ത് ലൈംഗികാതിക്രമം നടക്കുന്നതായുള്ള അറിവ് തനിക്കില്ലെന്നായിരുന്നു അവർ നല്‍കിയ മൊഴി എന്നതാണ് ശ്രദ്ധേയം.
ഒരേ തൊഴിലെടുക്കുന്ന സ്ത്രീയെയും പുരുഷനെയും പരിഗണിച്ചാല്‍ അവിടെ സ്ത്രീയെ കുറഞ്ഞ മൂല്യമുള്ളയാളായി കണക്കാക്കുന്നു. പലരേയം പഠനത്തിന് അയക്കുന്നുണ്ട്. സിനിമ മേഖലയിലുള്ളത് വലിയ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളാണ്. ഇത് സ്ത്രീകള്‍ക്ക് വലിയ കുഴപ്പങ്ങളുണ്ടാക്കുന്നുവെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം, ദീർഘ നാളത്തെ കാത്തിരിപ്പിന് ശേഷം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതില്‍ സന്തോഷമെന്ന് നടി മാലാ പാർവതി. നമ്മുടെ ഭാവി തലമുറക്കെങ്കിലും സുരക്ഷിതമായ ഇടമായി മലയാള സിനിമ മാറേണ്ടതുണ്ടെന്നും അതിന് അനുസൃതമായ തുടർ നടപടികള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോർട്ട് പുറത്ത് വന്നതിന് തൊട്ടുപിന്നാലെ മാലാ പാർവതി വണ്‍ഇന്ത്യ മലയാളത്തോട് പ്രതികരിച്ചു.
Post a Comment