Join News @ Iritty Whats App Group

'തീയറ്റർ പരസ്യം' സർക്കാരിൻ്റെ ധൂർത്ത്, ദുരിതാശ്വാസ നിധിയിൽ സംഭാവന ചെയ്യുന്നവരെ പരിഹസിക്കുന്ന നടപടി: കെ സുധാകരൻ

തിരുവനന്തപുരം: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം കണ്‍മുന്നില്‍ ഒരു തീരാനോവായി തുടരുമ്പോഴും പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്ന പിണറായി സര്‍ക്കാരിന്റെത് മനസാക്ഷിയില്ലാത്തതാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവരെ പരിഹസിക്കുന്ന നടപടിയാണ് സർക്കാരിന്‍റേതെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തിന് പുറമെ ഡല്‍ഹി, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ 100 തീയറ്റുകളിലേക്ക് സര്‍ക്കാരിന്റെ പരസ്യചിത്രം പ്രദര്‍ശിപ്പിക്കാനാണ് 20 ലക്ഷത്തോളം തുക ഇപ്പോള്‍ അനുവദിച്ചത്. കേരളീയം, നവകേരളസദസ്സ്,മുഖാമുഖം തുടങ്ങിയ പി.ആര്‍ വര്‍ക്കുകള്‍ക്കായി കോടികള്‍ ചെലവാക്കിയ സര്‍ക്കാര്‍ വീണ്ടും കേരളീയത്തിനായി പത്തുകോടിയോളം മറ്റിവെച്ചിട്ടുണ്ട്. പി.ആര്‍ എക്‌സര്‍സൈസ് ചെയ്തു പണം പാഴാക്കാതെ ആ തുകയെല്ലാം വയനാട് ജനതയുടെ പുനരധിവാസത്തിന് നീക്കിവെയ്ക്കാനുള്ള മനുഷ്യത്വപരമായ നടപടി സ്വീകരിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാകണം. കേരള ജനത മുഴുവന്‍ അവരാല്‍ കഴിയുന്ന സഹായം വയനാട്ടിലെ പാവങ്ങളെ സഹായിക്കാനായി സംഭാവന ചെയ്യുമ്പോഴാണ് പിണറായി സര്‍ക്കാരിന്റെ ഈ തലതിരിഞ്ഞ നടപടിയെന്നും കെ സുധാകരന്‍ പരിഹസിച്ചു. 

വികസന നേട്ടങ്ങള്‍ ഇല്ലാത്ത പിണറായി സര്‍ക്കാരിന് എന്ത് നേട്ടമാണ് സംസ്ഥാനത്തിന് പുറത്ത് അവതരിപ്പിക്കാനുള്ളത്.അടിസ്ഥാന വികസനത്തിനും മുന്‍ഗണനാ പദ്ധികള്‍ പൂര്‍ത്തീകരിക്കുന്നതിനും സര്‍ക്കാരിന്റെ കയ്യില്‍ ചില്ലിക്കാശില്ല. കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പിണറായി സര്‍ക്കാരിന്റെ 1070 നൂറുദിന കര്‍മ്മപദ്ധതികളില്‍ ഇതുവരെ പൂര്‍ത്തികരിച്ചത് നാലെണ്ണം മാത്രമാണ്. ഈ വര്‍ഷം ഡിസംബര്‍ വരെ 3700 കോടി മാത്രമാണ് സംസ്ഥാനത്തിന് ആകെ കടമെടുക്കാന്‍ കഴിയുക. ഓണക്കാലം ആയതിനാല്‍ ബോണസ്,ഉത്സവബത്ത,ഓണം അഡ്വാന്‍സ് എന്നിവയ്ക്കും വിപണിയിടപെടലിനും മറ്റും അധിക തുക കണ്ടെത്തേണ്ട സര്‍ക്കാരാണ് പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ അനാവശ്യ പണച്ചെലവ് നടത്തുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

അധികാരത്തിലേറിയത് മുതല്‍ സാധാരണ നികുതി ദായകന്റെ പണം ദുർവിനിയോഗം ചെയ്യുകയെന്നതാണ് പിണറായി സര്‍ക്കാരിന്റെ പൊതുനയം. സാമൂഹ്യ സുരക്ഷാ പെന്‍ഷനും 17ലധികം വിവിധ ക്ഷേമനിധി പെന്‍ഷനുകളും മാസങ്ങളായി കുടിശ്ശികയാണ്. പതിനായിരം കോടിയിലധികം തുകവേണം കുടിശ്ശിക തീര്‍ത്ത് നല്‍കാന്‍.ഇന്ധന സെസ് ഏര്‍പ്പെടുത്തി അധിക വിഭവസമാഹരണം നടത്തിയ തുക ക്ഷേമപെന്‍ഷന്‍ നല്‍കുന്നതിന് പകരം സര്‍ക്കാരിന്റെ ധൂര്‍ത്തിനായി വകമാറ്റുകയാണ്. ഫണ്ടില്ലാത്തിനാല്‍ തദ്ദേശ സ്ഥാപനങ്ങളുടേയും സപ്ലൈകോയുടേയും പ്രവര്‍ത്തനം താളം തെറ്റി.കൃഷിനാശം സംഭവിച്ചവര്‍ക്കും നെല്ലുസഭംരിച്ച വകയിലും നല്‍കാനുള്ള കോടികള്‍ നല്‍കിയിട്ടില്ല. ഇങ്ങനെയുള്ള സര്‍ക്കാരിന് വയനാട് ജനതയുടെ വേദന പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിയുമോയെന്നതില്‍ സംശയുമുണ്ടെന്നും കെ പി സി സി പ്രസിഡന്റ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group