Join News @ Iritty Whats App Group

തുപ്പലിറക്കി ദാഹം തീർക്കുന്ന സർക്കാരല്ലിത്; മലപ്പുറം എസ്‍പിയെ പൊതുവേദിയിൽ അധിക്ഷേപിച്ച് പിവി അൻവര്‍ എംഎല്‍എ

മലപ്പുറം: മലപ്പുറം ജില്ലാ പൊലീസ് അസോസിയേഷൻ സമ്മേളനത്തിനിടെ വേദിയില്‍ വെച്ച് മലപ്പുറം എസ്‍പി എസ് ശശിധരനെ അധിക്ഷേപിച്ച് പിവി അന്‍വര്‍ എംഎല്‍.എ. പരിപാടിക്ക് എസ്‍പി എത്താൻ വൈകിയതില്‍ പ്രകോപിതനായാണ് പിവി അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയത്. എംഎല്‍എയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ്‍പി എസ് ശശിധരൻ പ്രസംഗത്തിന് തയ്യാറാവാനാവാതെ വേദി വിട്ടു. ഐപിഎസ് ഓഫീസര്‍മാരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് ആകെ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ടാണ് പിവി അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയത്.

വാഹന പരിശോധന, മണ്ണ് എടുക്കലിന് ഉള്‍പ്പെടെ അനുമതി നല്‍കാത്തത്, തന്‍റെ പാര്‍ക്കിലെ റോപ് വേ ഉണ്ടാക്കി ഉപകരണങ്ങള്‍ ഉള്‍പ്പെടെ കാണാതായ പോയിട്ടും അന്വേഷണം ഉണ്ടായിട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് ഐപിഎസ് ഉദ്യോഗസ്ഥരെ പിവി അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയത്. ഈ പരിപാടിയില്‍ പോലും എസ്‍പി എത്താൻ വൈകിയെന്ന് അന്‍വര്‍ എംഎല്‍എ പറഞ്ഞു. ചില പൊലീസുകാർ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി പ്രവർത്തിക്കുകയാണ്. അതില്‍ റിസര്‍ച്ച് നടത്തുകയാണ് അവര്‍. സര്‍ക്കാരിനെ മോശമാക്കാൻ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണ്.

കേരളത്തെ ബുദ്ധിമുട്ടിക്കുക എന്ന കേന്ദ്രത്തിന്‍റെ ആവശ്യത്തിന് കുടപിടിക്കുന്നതാണ് ഇത്. ഇപ്പോള്‍ നടക്കുന്ന ഈ പരിപാടിക്ക് താൻ എസ്‍പിയെ കാത്ത് ഒരുപാട് സമയം കാത്തിരിക്കേണ്ടി വന്നു. അദ്ദേഹം ജോലി തിരക്കുള്ള ആളാണ്. അതാണ് കാരണം എങ്കിൽ ഓക്കേ. അല്ലാതെ താൻ കുറച്ച് സമയം ഇവിടെ ഇരിക്കട്ടെ എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ എസ്‍പി ആലോചിക്കണമെന്നും പിവി അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തി. ഇങ്ങനെ പറയേണ്ടിവന്നതിൽ ബുദ്ധിമുട്ടുണ്ട്. പക്ഷേ പറയാതെ നിവൃത്തിയില്ല. പൊലീസിന് മാറ്റം ഉണ്ടായെ തീരു. അല്ലെങ്കില്‍ ജനം ഇടപെടും.

ഒന്നു രണ്ട് കാര്യങ്ങൾ കൂടി പറയാനുണ്ട് അതു പറഞ്ഞാൽ സദസ് വഷളാവുമെന്നും പി.വി.അൻവർ പറഞ്ഞു. തുപ്പലിറക്കി ദാഹം തീർക്കുന്ന സർക്കാരല്ല ഇത്. പെറ്റിക്കേസിനായി പൊലീസിന് ക്വാട്ട നിശ്ചയിച്ചിരിക്കുകയാണെന്നും പിവി അന്‍വര്‍ എംഎല്‍എ ആരോപിച്ചു. തന്‍റെ പാർക്കിലെ രണ്ടായിരത്തിലധികം കിലോ ഭാരം വരുന്ന റോപ് മോഷണം പോയി. എട്ട് മാസം കഴിഞ്ഞിട്ടും ഇതുവരെ പ്രതികളെ പിടിച്ചിട്ടില്ല, മലപ്പുറം എസ്പി ഇവിടെ ഇരിക്കുന്നുണ്ടല്ലോ. പ്രതിയെ കണ്ടത്താനായില്ല. ഒരാളെ വിളിച്ചു വരുത്തി ചായകൊടുത്തു വിട്ടു. ഏത് പൊട്ടനും കണ്ടത്താവുന്നതല്ലേയുള്ളു. തെളിവ് സഹിതം നിയമസഭയിൽ ഇക്കാര്യങ്ങൾ ഉന്നയിക്കുമെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു.


പൊലീസിൽ ചില പുഴുക്കുത്തുകൾ ഉണ്ട്. അടുത്തിടെ ചില സാധാരണ പൊലീസുകാർ എന്നെ സമീപിച്ചു. സമീപകാലത്ത് മലപ്പുറം ജില്ലയിൽ പൊലീസിൽ വ്യാപക ട്രാൻസ്ഫർ നടന്നു.ട്രാൻസ്ഫറുകൾ മനുഷ്യത്വപരമാകണം. കഞ്ചാവ് കച്ചവടക്കാരുമായി ചില പൊലീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നു. അതിനാൽ എംഎൽഎ ഇടപെടരുത് എന്നാണ് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞത്. രാവിലെ തെറിയും കേട്ട് ജോലിക്ക് വന്നാൽ അത് സാധാരണക്കാരന്‍റെ മേലെ ആയിരിക്കും. ഫാഷിസം നല്ലതല്ലെന്നും പിവി അന്‍വര്‍ എംഎല്‍എ. പിന്നീട് മുഖ്യപ്രഭാഷകനായി എത്തിയ എസ്‍പി താൻ അല്‍പം തിരക്കിലാണെന്നും പ്രസംഗത്തിന് പറ്റിയ മാനസികാവസ്ഥയില്‍ അല്ലെന്നും പറഞ്ഞ് വേദി വിടുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group