Join News @ Iritty Whats App Group

മുൻ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു; ഉമ്മൻചാണ്ടി മന്ത്രിസഭയിലെ അംഗം


മലപ്പുറം: മുൻ മന്ത്രിയും മുതിർന്ന മുസ്ലീം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 71 വയസായിരുന്നു അദ്ദേഹത്തിന്. താനൂരിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു കുട്ടി അഹമ്മദ് കുട്ടി. മലപ്പുറത്തെ തിരൂരങ്ങാടി, താനൂർ മണ്ഡലങ്ങളിലെ എംഎൽഎ ആയി പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം.

1992ലെ ഉപതെരഞ്ഞടുപ്പിൽ താനൂരിൽ നിന്നും 1996ലും, 2001ലും തിരൂരങ്ങാടിയിൽ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി നിയമസഭയിൽ എത്തിയത്. 1953ൽ മലപ്പുറത്തായിരുന്നു അദ്ദേഹത്തിന്റെ ജനനം. ബിരുദപഠനം പൂർത്തിയാക്കിയ ശേഷമായിരുന്നു സജീവ രാഷ്ട്രീയത്തിലേക്ക് കാലെടുത്ത് വച്ചത്. ബിഎസ്‌സി ആയിരുന്നു പഠിച്ചത്.


പിന്നീട് മുസ്ലീം ലീഗിലെ സജീവ പ്രവർത്തകനായി. താനൂരിലെ മണ്ഡലം പ്രസിഡന്റായാണ് നേതൃ തലത്തിലേക്ക് കുട്ടി അഹമ്മദ് കുട്ടി ഉയർന്നുവന്നത്. മുസ്ലിം ലീ​ഗിന്റെ തൊഴിലാളി സംഘടനയായ എസ്‌ടിയുവിന്റെ നേതൃ നിരയിലായിരുന്നു കൂടുതലായും അദ്ദേഹം ഉണ്ടായിരുന്നത്. തിരൂർ എസ്എസ്എം പോളിയുടെ ഗവേർണിംഗ് ബോഡി ചെയർമാനായിരുന്നു.

ഇതിന് പുറമെ തദ്ദേശ സ്ഥാപനങ്ങളും നിരവധി പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പ്രസിഡന്റ് ,മലപ്പുറം ജില്ലാ പൊതുമരാമത്ത് സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച ശേഷമായിരുന്നു നിയമസഭയിലേക്ക് എത്തിയത്.

2001 മെയ് മുതൽ 2004 ഓഗസ്‌റ്റ് വരെയുണ്ടായിരുന്ന എകെ ആന്റണി മന്ത്രിസഭയിൽ കുട്ടി അഹമ്മദ് കുട്ടി അംഗമായിരുന്നില്ല. ഉമ്മൻ‌ചാണ്ടി മന്ത്രിസഭയിലായിരുന്നു അദ്ദേഹം അംഗമായത്. സാമൂഹിക പ്രവർത്തന രംഗത്തും സജീവമായിരുന്നു അദ്ദേഹം.

സജീവ രാഷ്ട്രീയത്തിൽ നിന്ന് കുറച്ചു കാലമായി മാറി നിൽക്കുകയാണെങ്കിലും പ്രാദേശിക തലത്തിൽ കൃത്യമായ ഇടപെടലുകൾ നടത്തിയിരുന്നു അദ്ദേഹം. പ്രാദേശികമായി ഉയർന്നുവന്ന നേതാവായിരുന്നു കുട്ടി അഹമ്മദ് കുട്ടി എന്നത് കൊണ്ട് തന്നെ സാധാരണക്കാർക്ക് എന്നും പ്രാപ്യനായിരുന്നു. മത്സ്യത്തൊഴിലാളികളേയും മറ്റ് തൊഴിലാളികളേയും ചേർത്തുനിർത്തുന്ന നിലപാടായിരുന്നു എന്നും അദ്ദേഹം കൈക്കൊണ്ടത്.

നേരത്തെ വാഹനാപകടത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴുത്തിന് സാരമായി പരിക്കേറ്റതോടെയാണ് സജീവ രാഷ്ട്രീയത്തിൽ നിന്ന് പിൻമാറിയത്. എങ്കിലും പ്രാദേശിക തലത്തിൽ ഇപ്പോഴും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചു വരികയായിരുന്നു.

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കും വേണ്ടി പ്രവർത്തിച്ചതിനുള്ള അംഗീകാരമായി 2018ൽ വരം പുരസ്‌കാരം ഉൾപ്പെടെ അദ്ദേഹത്തിന് ലഭിച്ചു. ഭാര്യ: ജഹനാര. മക്കള്‍: സുഹാന, സുഹാസ് അഹമ്മദ്, ശഹബാസ് അഹമ്മദ്.

Post a Comment

Previous Post Next Post
Join Our Whats App Group