മേപ്പാടി: ' ഞങ്ങള്‍ അപകടത്തിലാണ്. ഇവിടെ ചുരല്‍മലയില്‍ ഉരുള്‍പൊട്ടിയിട്ടുണ്ട്. വെള്ളം പൊങ്ങി വരികയാണ്. ആരെങ്കിലും ഒന്ന് രക്ഷിക്കോ' എന്ന നീതു ജോജോയുടെ ഇടറിയ ഫോണ്‍ വിളിയിലൂടെയാണ് ഭീകരമായ ഇൗ ദുരന്തം പുറം ലോകം അറിഞ്ഞത്.
ഒന്നാമത്തെ ഉരുള്‍ പൊട്ടിയപ്പോള്‍ സുരക്ഷിത ഇടമെന്ന് കരുതി കുറേ കുടുംബങ്ങള്‍ ഓടിയെത്തിയത് നീതുവിന്റെ വീട്ടിലായിരുന്നു. ആ സമയത്ത് അറിയുന്നവരെയൊക്കെ നീതു വിളിച്ചറിയിച്ചതനുസരിച്ചാണ് ഫയര്‍ സര്‍വീസും രക്ഷാവാഹനങ്ങളും ആംബുലന്‍സും പ്രദേശത്തേക്ക് പുറപ്പെട്ടത്. ദൗര്‍ഭാഗ്യവശാല്‍ താഞിലോട് റോഡില്‍ മരം വീണ് ഗതാഗതം മുടങ്ങി.
അതിനിടയിലാണ് രണ്ടാമത് ഉരുള്‍പൊട്ടി നീതുവിന്റെ വീടുള്‍പ്പെടെ വെള്ളം വിഴുങ്ങിയത്. ഭര്‍ത്താവ് ജോജോ വീട്ടിലുള്ളവരെയും അഭയം തേടിയെത്തിയവരേയും തൊട്ടടുത്തുള്ള കാപ്പി തോട്ടത്തിലേക്കു മാറ്റി സുരക്ഷിമാക്കിയപ്പോഴാണ് തന്റെ ജീവന്റെ പാതി കൈവിട്ടു പോയതറിയുന്നത്.
ദുരന്തഭൂമിയില്‍ ചെളിയില്‍ പരതി പൊട്ടിക്കരയുന്ന ജോജോയെ ആശ്വസിപ്പിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായില്ല. പുഴയെടുത്ത് പോയ വീടിന്റെ അവശിഷ്ടങ്ങളില്‍ തന്റെ പ്രിയതമയെ കാണാതെ തകര്‍ന്ന് പോയ ജോജോ കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു.
മേപ്പാടി വിംസ് ആശുപത്രിയിലെ സ്റ്റാഫായിരുന്നു നീതു. ശനിയാഴ്ചയാണു നീതുവിന്റെ മൃതദേഹം കണ്ടെടുത്തത്. ചൂരല്‍മല സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍ സംസ്‌കാരം നടത്തി. ഏക മകന്‍ പാപ്പി.
Post a Comment