ആലപ്പുഴ: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് പുലർച്ചെയുണ്ടായ അതിശക്തമായ കാറ്റിലും മഴയിൽ വ്യാപക നാശനഷ്‌ടം. പലയിടത്തും കാറ്റിനെ തുടർന്ന് റെയിൽവേ ട്രാക്കുകളിൽ മരങ്ങൾ വീണതിനാൽ ട്രെയിനുകൾ വൈകിയോടുകയാണ്. ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളം ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും ഉള്ള ട്രെയിനുകളാണ് ബാധിക്കപ്പെട്ടത്. പിന്നീട് മരങ്ങൾ മുറിച്ചുമാറ്റിയാണ് പലയിടത്തും ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്.
ആലപ്പുഴയിൽ ഉൾപ്പെടെ ശക്തമായ കാറ്റും മഴയും പുലർച്ചെ ഉണ്ടായി. തുറവൂരിൽ കാറിന് മുകളിൽ മരം വീഴുകയുണ്ടായി. ജില്ലയിൽ കനത്ത മഴയ്‌ക്കൊപ്പം അസാധാരണമായ വേഗത്തിൽ കാറ്റു വീശുന്നുണ്ട്. കരുമാടി, പുറക്കാട് മേഖലകളിൽ മരം വീണു. ഹരിപ്പാട്, മണ്ണഞ്ചേരി, പാതിരപ്പള്ളി, ചേർത്തല, തിരുവിഴ എന്നിവിടങ്ങളിലും കാറ്റിൽ മരങ്ങൾ കടപുഴകി.
ചെങ്ങന്നൂർ മുളക്കുഴ, ചെറിയനാട് എന്നിവിടങ്ങളിലും സമാനമായ രീതിയിൽ മരങ്ങൾ വീണു. തുറവൂരിന് പുറമേ മറ്റിടങ്ങളിലും മരം കടപുഴകി വീണ് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചതായി റിപ്പോർട്ടുകൾ വരുന്നുണ്ട്. ചെറിയനാട് കടയ്ക്ക് മുകളിലും കായംകുളത്ത് വീടിന് മുകളിലും മരങ്ങൾ വീണ് കാര്യമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.തീരദേശ മേഖലയിലും ശക്തമായ കാറ്റ് വീശി.
കൊല്ലം ഓച്ചിറയ്ക്കടുത്ത് ട്രാക്കിൽ മരം വീണതോടെയാണ് എറണാകുളത്തേക്കുള്ള ട്രെയിനുകൾ പിടിച്ചിട്ടത്. പാലരുവി എക്‌സ്പ്രസ് ഓച്ചിറയിൽ പിടിച്ചിടുകയായിരുന്നു. ആലപ്പുഴ തകഴിക്കടുത്ത് മരം വീണതോടെ കൊല്ലം-ആലപ്പുഴ ട്രെയിൻ ഹരിപ്പാട് പിടിച്ചിടേണ്ടി വന്നിരുന്നു. നിസാമുദ്ദീൻ-തിരുവനന്തപുരം സൂപ്പർ ഫാസ്‌റ്റ് കൊല്ലം സ്‌റ്റേഷനിലും പിടിച്ചിട്ടു.
കോട്ടയത്തും കാര്യമായ നാശ നഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ട്. കുമരകം,കോട്ടയം ഭാഗങ്ങളിൽ ശക്തമായ കാറ്റിൽ മരങ്ങൾ വീണിരുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇടവിട്ട ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. കുമരകത്തെ ഗ്രാമീണ റോഡുകളിൽ മരം വീണതോടെ ഗതാഗത തടസമുണ്ടായി. നിലവിൽ എംസി റോഡിൽ ഗതാഗത തടസമില്ല.
Post a Comment