Join News @ Iritty Whats App Group

വിവാദ പ്രസ്താവന ആവർത്തിച്ച് കേന്ദ്ര വനംമന്ത്രി; വയനാട് ദുരന്തത്തിന് കാരണം അനധികൃത ഖനനവും കുടിയേറ്റവും


വിവാദ പ്രസ്താവന ആവർത്തിച്ച് കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ്. വയനാട് ദുരന്തത്തിന് കാരണം അനധികൃത ഖനനവും കുടിയേറ്റവുമാണെന്ന് രാജ്യസഭയിലും ഭൂപേന്ദ്ര യാദവ് പറഞ്ഞു. നേരത്തെയും ഇതേ പ്രസ്താവന മന്ത്രി ഉയർത്തിയിരുന്നു.

വിദഗ്ധ സമിതി റിപ്പോര്‍കളുടെയും മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തിലാണ് സംസാരിച്ചതെന്നും വയനാട്ടിലെ ജനങ്ങളെ താന്‍ അപമാനിച്ചുവെന്ന ജോണ്‍ ബ്രിട്ടാസിന്‍റെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കണമെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു. സിപിഎം രാഷ്ട്രീയം കളിക്കരുതെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിന് ശേഷം കേന്ദ്രമന്ത്രിമാരായ അമിത്ഷായും, ഭൂപേന്ദ്ര യാദവും കേരളത്തെയും വയനാട്ടിലെ ജനങ്ങളെയും അപമാനിക്കുകയാണെന്ന് ജോണ്‍ബ്രിട്ടാസ് എംപി സഭയില്‍ ആരോപിച്ചിരുന്നു.

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ ആരോപണവുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് നേരത്തെ രംഗത്തെത്തിയിരുന്നു. അനധികൃത കയ്യേറ്റവും ഖനനവും അനുവദിച്ചതിൻ്റെ ദുരന്തമാണ് വയനാട് നേരിടുന്നതെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്രം നിയോഗിച്ച കമ്മിറ്റിയെ അവഗണിക്കരുതെന്നും സംസ്ഥാനം നിർദേശങ്ങൾ സമർപ്പിക്കണമെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു.

വളരെ സെൻസീറ്റാവായ പ്രദേശത്തിന് ആ പ്രധാന്യം നൽകിയില്ലെന്നും ഭൂപേന്ദ്ര യാദവ് കുറ്റപ്പെടുത്തി. നൽകിയ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു. ഭാവിയിലെങ്കിലും ഈ രീതിയിലുളള ഖനനവും മണ്ണെടുപ്പുമടക്കം ഇല്ലാതാകേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ മാധവ ഗാഡ്ഗിൽ റിപ്പോർട്ട് ഉദ്ധരിച്ചുളള ചോദ്യങ്ങൾക്കായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.

Post a Comment

Previous Post Next Post
Join Our Whats App Group