പത്തനംതിട്ട: ശബരിമല സന്നിധാനത്തെ ഭസ്മക്കുളം നിലവിലെ സ്ഥലത്തുനിന്ന് മാറ്റിസ്ഥാപിക്കാൻ തീരുമാനം. ഇപ്പോഴത്തെ സ്ഥലത്ത് ശുചിത്വമില്ലെന്ന് കണ്ടതോടെയാണ് ദേവസ്വം ബോർഡിന്‍റെ നടപടി. പുതിയ ഭസ്മക്കുളത്തിന്‍റെ സ്ഥാനനിർണ്ണയം ഇന്ന് നടക്കും.
തീർത്ഥാടകർക്കും പൂജാരിമാർക്കും സന്നിധാനത്തുള്ള സ്നാനഘട്ടമാണ് ഭസ്മക്കുളം. ക്ഷേത്രാചാരവുമായി ചേർന്ന നിൽക്കുന്ന ഭസ്മവാഹിനിയായ കുളം പക്ഷെ അശുദ്ധമെന്ന വിമർശനം ശക്തമായതോടെയാണ് പുതിയൊരു ഇടത്തേക്ക് മാറ്റാനുള്ള തീരുമാനം. നിലവിൽ സന്നിധാനത്ത് ശൗചാലയ കോംപ്ലക്സുകൾക്ക് നടുവിൽ പടിക്കെട്ടുകൾക്ക് താഴെയാണ് ഭസ്മക്കുളം. താഴ്ന്ന പ്രദേശമായതിനാൽ മലിനജലം ഒഴുകിയെത്തി കുളം അശുദ്ധമാകും.
വലിയ നടപന്തലിന് കിഴക്ക് ശബരി ഗസ്റ്റ് ഹൗസിന് സമീപത്തേക്ക് ഭസ്കമക്കുളം മാറ്റാനാണ് ആലോചന. സ്ഥാന നിർണ്ണയത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് 12 മണി കഴിഞ്ഞ് പുതിയ ഭസ്മകുളത്തിന് തറക്കല്ലിടും. 60 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കുളം പൂർത്തിയാക്കി പാണ്ടിത്താവളത്തെ വാട്ടർ ടാങ്കിൽ നിന്ന് വെള്ളമെത്തിക്കും. നിശ്ചിത ഇടവേളകളിൽ ശുദ്ധീകരിക്കുകയും ചെയ്യും.
Post a Comment