കൽപ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയായ പരപ്പൻപാറയിൽ സൂചിപ്പാറ താഴെ ഭാഗത്തു നിന്നും മൃതദേഹഭാഗങ്ങൾ കണ്ടെത്തി. ഇന്ന് രാവിലെയാണ് ഇവിടങ്ങളിൽ ജനകീയ തിരച്ചിൽ തുടങ്ങിയത്. പരപ്പൻപാറയിലെ പുഴയോട് ചേർന്ന പ്രദേശത്തുനിന്നും മൂന്ന് ശരീരഭാഗങ്ങളാണ് ലഭിച്ചത്. സന്നദ്ധപ്രവർത്തകരും ഫോറസ്റ്റ് സംഘവും പ്രദേശത്ത് കൂടുതൽ തിരച്ചിൽ നടത്തുകയാണ്.
കണ്ടെത്തിയ ശരീരഭാഗങ്ങൾ കവറുകളിലേക്ക് മാറ്റി. ഇവ എയർലിഫ്റ്റ് ചെയ്യണമെന്നാണ് ഉയരുന്ന ആവശ്യം. ഉരുൾപൊട്ടൽ ബാധിത മേഖലകളിൽ ജനകീയ തിരച്ചില്‍ പുരോഗമിക്കുകയാണ്. ദുരന്തമേഖലകളെ ആറായി തിരിച്ചാണ് തിരച്ചില്‍ നടക്കുന്നത്. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്ന പ്രദേശവാസികള്‍ തിരച്ചിലിനുണ്ട്.
അതേസമയം, മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിനിടയാക്കിയത് കനത്ത മഴയെന്നാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട്. പ്രാദേശിക ഘടകങ്ങൾ ദുരന്തത്തിന്റ ആഘാതം കൂട്ടി. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
Post a Comment