Join News @ Iritty Whats App Group

താരബിംബങ്ങള്‍ തകര്‍ന്നുടഞ്ഞു; ഒടുവില്‍ രാജി വച്ച് രഞ്ജിത്ത്

കേരള ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്നും സംവിധായകന്‍ രഞ്ജിത്ത് രാജി വച്ചു. നടി ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണത്തെ തുടര്‍ന്നാണ് രഞ്ജിത്ത് രാജി വച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ പരാതി ഉന്നയിച്ചത്. ലൈംഗികാരോപണത്തെ തുടര്‍ന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജി വച്ചതിന് പിന്നാലെ രഞ്ജിത്തിന്റെ രാജിയ്ക്കായി സമ്മര്‍ദ്ധം വര്‍ദ്ധിച്ചിരുന്നു. ഇതോടെയാണ് സംവിധായകന്‍ രാജി വച്ചത്.

രഞ്ജിത്തിന്റെ കാറിലെ ‘ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍’ എന്ന ബോര്‍ഡ് ഇന്നലെ രാത്രി തന്നെ മാറ്റിയിരുന്നു. രഞ്ജിത്തിന്റെ രാജിക്കായി ഇന്നലെ തന്നെ പല ഭാഗത്ത് നിന്നും സമ്മര്‍ദ്ദം ഉയര്‍ന്നിരുന്നു. ചലച്ചിത്ര അക്കാദമിയുടെ ഉള്ളില്‍ നിന്നുള്ളവര്‍ തന്നെ രഞ്ജിത്തിനെതിരെ പ്രതികരിച്ചിരുന്നു.

അതേസമയം, സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു കഴിഞ്ഞ ദിവസം നടി വെളിപ്പെടുത്തിയത്. ‘പാലേരിമാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചു വരുത്തിയ ശേഷം രഞ്ജിത് വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയില്‍ സ്പര്‍ശിച്ചതായും മുടിയില്‍ തലോടിയതായും നടി ആരോപിച്ചിരുന്നു.

കഴുത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതോടെ മുറിയില്‍ നിന്നിറങ്ങി. ഇതേ തുടര്‍ന്ന് സിനിമയില്‍ അഭിനയിക്കാതെ പിറ്റേന്ന് തന്നെ മടങ്ങി. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എന്നാല്‍ അതിലേക്കുള്ള സൂചനകള്‍ നല്‍കുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റമെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

Post a Comment

Previous Post Next Post
Join Our Whats App Group