ദില്ലി: ഗാസ മുനമ്പ് മേധാവി യഹിയ സിൻവാറിനെ ഹമാസ് പുതിയ തലവനായി തെരഞ്ഞെടുത്തു. അദ്ദേഹത്തിൻ്റെ മുൻഗാമിയായ ഇസ്മായിൽ ഹനിയയുടെ കഴിഞ്ഞ ആഴ്ച ടെഹ്‌റാനിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് സിൻവാറിനെ തലവനായി തെരഞ്ഞെടുത്തത്. ഇസ്‌ലാമിക് റെസിസ്റ്റൻസ് മൂവ്‌മെൻ്റ് ഹമാസ് നേതാവ് യഹ്‌യ സിൻവാറിനെ പ്രസ്ഥാനത്തിൻ്റെ പൊളിറ്റിക്കൽ ബ്യൂറോയുടെ തലവനായി തെരഞ്ഞെടുത്തതായി ഹമാസ് പ്രസ്താവനയിലൂടെ അറിയിച്ചു. പ്രഖ്യാപനം വന്ന് മിനിറ്റുകൾക്ക് ശേഷം, ഗാസ മുനമ്പിൽ നിന്ന് ഇസ്രയേലിലേക്ക് റോക്കറ്റുകൾ തൊടുത്തതായി ഹമാസിൻ്റെ സായുധ വിഭാഗം എസെദീൻ അൽ-ഖസ്സാം പറഞ്ഞു.
ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരായ ആക്രമണത്തിൻ്റെ മുഖ്യസൂത്രധാരന്മാരിൽ ഒരാളാണ് സിൻവാറെന്ന് ഇസ്രായേൽ ആരോപിച്ചിരുന്നു. ഇറാനിലെ ടെഹ്‌റാനിൽ ഹനിയ കൊല്ലപ്പെട്ട് ഒരാഴ്ച്ച തികയുന്നതിന് മുമ്പാണ് ഹമാസിൻ്റെ പുതിയ മേധാവിയെ നിയമിച്ചത്. ഹനിയ്യയുടെ കൊലപാതകത്തിൽ ഇറാനും ഹമാസും ഇസ്രായേലിനെതിരെ രംഗത്തെത്തിയിരുന്നു. പലസ്തീൻ-ഇസ്രയേൽ യുദ്ധത്തിൽ ഇതുവരെ 39,653 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടതായി ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Post a Comment