Join News @ Iritty Whats App Group

ആക്രമിച്ചെന്ന് കാട്ടി യൂനിഫോം അടക്കം ഹാജരാക്കി പൊലീസ്; കള്ളക്കേസെന്ന് പ്രതിഭാഗം, വെറുതെ വിട്ട് കോടതി

കോഴിക്കോട്: പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും അറസ്റ്റ് ചെയ്ത് കേസെടുത്ത സംഭവത്തില്‍ പ്രതിചേര്‍ക്കപ്പെട്ടവരെ കോടതി വെറുതെ വിട്ടു. കോഴിക്കോട് എളേറ്റില്‍ വട്ടോളി ചെറ്റക്കടവ് പുതിയോട്ടില്‍ ബിജു, കായല്‍ മൂലക്കല്‍ രാജേഷ് എന്നിവരെയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കുറ്റവിമുക്തരാക്കിയത്.

2017 ഡിസമ്പര്‍ 31നാണ് കേസിനാസ്പദമായ സംഭവം. പുതുവത്സരത്തിന്‍ മുന്‍പുള്ള ദിവത്തില്‍ കൊടുവള്ളി പൊലീസ് സബ് ഇന്‍സ്പക്ടറും സംഘവും പട്രോളിംഗ് നടത്തുന്നതിനിടയില്‍ എളേറ്റില്‍ വട്ടോളിയില്‍ വെച്ച് ഇരുവരും ജൂനിയര്‍ സബ് ഇന്‍സ്‌പെക്ടറുടെ കഴുത്തിന് പിടിച്ച് അടിക്കുകയും യൂണിഫോം ഷര്‍ട്ട് പിടിച്ച് വലിക്കുകയും പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്‌തെന്ന് കാണിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐപിസി 341, 323, 332,506, 294 (ബി), ആര്‍/ഡബ്ല്യു 34 എന്നീ വകുപ്പുകളാണ് ബിജുവിനും രാജേഷിനുമെതിരേ ചുമത്തിയത്.

കൊടുവള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സാക്ഷികളായി പ്രോസിക്യൂഷന്‍ ഭാഗം വിസ്തരിക്കുകയും ഏഴ് രേഖകളും, തൊണ്ടിമുതലായി യൂണിഫോം ഷര്‍ട്ടും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. അതേസമയം യാതൊരു അടിസ്ഥാനവുമില്ലാതെ പ്രതികളെ കള്ളക്കേസില്‍ കുടുക്കിയതാണെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. പ്രതികള്‍ക്ക് വേണ്ടി അഡ്വക്കറ്റ് കെപി ഫിലിപ്പ് കോടതിയില്‍ ഹാജരായി.

Post a Comment

Previous Post Next Post
Join Our Whats App Group