വാഷിങ്ടൻ> ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാർമൂലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിതാ വില്ല്യംസിന് ആരോഗ്യ പ്രശ്നങ്ങളെന്ന് റിപ്പോർട്ട്. കാഴ്ചാപ്രശ്നങ്ങൾ അവരെ അലട്ടുകയാണ്. സുനിതയേയും സഹയാത്രികൻ ബുച്ച് വിൽമോറിനേയും ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് ബദൽ സംവിധാനം ഒരുക്കാൻ നാസ ആലോചിക്കുന്നതായും റിപ്പോർട്ടുണ്ട്. എന്നാൽ നാസ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ജൂൺ അഞ്ചിനാണ് ബോയിങ് സ്റ്റാർലൈനർ വിക്ഷേപിച്ചത്. ഇരുവരും പേടകത്തിന്റെ ക്ഷമതാപരിശോധനയുടെ ഭാഗമായാണ് ദൗത്യത്തിൽ പങ്കാളികളായത്. നിലയത്തിലേക്കുള്ള യാത്രക്കിടെ പേടകത്തിൽ ചോർച്ചയുണ്ടായി. ജൂൺ ആറിന് പേടകം നിലയത്തിലെത്തിയെങ്കിലും സാങ്കേതിക തകരാർ പരിഹരിക്കാത്തതിനാൽ മടക്കയാത്ര വൈകി. സ്റ്റാർലൈനറിന്റെ തകരാർ പരിഹരിക്കാനുള്ള ശ്രമം ഇനിയും വിജയിച്ചിട്ടില്ല. ഇതിനിടെയാണ് സുനിതയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയത്.
സ്പേസ് എക്സിന്റെ പേടകത്തിൽ ഇരുവരേയും മടക്കികൊണ്ടുവരാനാകുമോ എന്ന് നാസ ആലോചിക്കുന്നുണ്ട്. എന്നാൽ ബോയിങ്ങിന്റെ സ്റ്റാർലൈനറിനായി ഉണ്ടാക്കിയ സ്പേസ് സ്യൂട്ടുകൾ സ്പേസ് എക്സിലെ യാത്രികർക്ക് അനുയോജ്യമല്ലെന്നത് പ്രതിസന്ധിയാണ്.
Post a Comment