Join News @ Iritty Whats App Group

'നാല് ദിവസവും അന്നമൂട്ടിയ അവരെ നിന്ദിക്കരുത്’; വൈറ്റ് ഗാർഡിനോട് സർക്കാർ കാണിച്ചത് കടുത്ത തെറ്റെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

വയനാട്ടിലെ ദുരന്ത മുഖത്ത് ദുരിതമനുഭവിക്കുന്നവർക്കും രക്ഷാപ്രവർത്തകർക്കും മുസ്ലിം ലീഗിന്റെ സന്നദ്ധ സംഘടനയായ വൈറ്റ് ഗാർഡിന്റെ ഭക്ഷണ വിതരണം നിർത്തണമെന്ന പൊലീസ് നിർദ്ദേശത്തെ വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. സന്നദ്ധ പ്രവർത്തകർക്കും, റെസ്ക്യൂ ടീം അംഗങ്ങൾക്കും, സൈനികർക്കും, പൊലീസുകാർക്കും മൂന്ന് നേരവും നാല് ദിവസവും അന്നമൂട്ടിയ വൈറ്റ് ഗാർഡിനെ നിന്ദിക്കരുതെന്ന് രാഹുൽ ഫേസ്‌ബുക്കിൽ കുറിച്ചു.

‘ദുരന്തമുഖത്ത് 3 നേരവും നാല് ദിവസവും അന്നമൂട്ടിയ വൈറ്റ് ഗാർഡ്. മേപ്പാടിയിൽ നിന്നും ചൂരൽ മലയിലേക്ക് പോകുന്ന വഴിയിൽ ചായ കുടിക്കാൻ ഒരു കട പോലുമില്ലാത്ത, എല്ലാ ഭക്ഷണ കേന്ദ്രങ്ങളും അടച്ചുപൂട്ടിയ ആ സ്ഥലത്ത് സന്നദ്ധപ്രവർത്തകർക്കും, റെസ്ക്യൂ ടീം അംഗങ്ങൾക്കും, സൈനികർക്കും, പൊലീസുകാർക്കും ഭക്ഷണം നൽകിയ വൈറ്റ് ഗാർഡിനോട് സർക്കാർ കാണിച്ചത് കടുത്ത തെറ്റാണ്. അഭിനന്ദനങ്ങൾക്കോ അഭിവാദ്യങ്ങൾക്കോ വേണ്ടിയല്ല വൈറ്റ് ഗാർഡ് ടീമംഗങ്ങൾ ഭക്ഷണം വിളമ്പിയത് എന്നാൽ അവരെ നിന്ദിക്കരുതെന്ന് സർക്കാരിനെ ഓർമ്മിപ്പിക്കട്ടെ, ഈ ദുരന്തത്തെ അതിജീവിക്കാൻ നമ്മൾ ഒരുമയോടെ പോകേണ്ടതാണെന്ന തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാവേണ്ടതാണ്’- രാഹുൽ കുറിച്ചു.


വയനാട് മുണ്ടക്കൈ ചൂരൽമലയിൽ ഉരുൾപൊട്ടലില്‍ ദുരിതമനുഭവിക്കുന്നവർക്കും രക്ഷാപ്രവർത്തകർക്കും കഴിഞ്ഞ നാല് ദിവസമായി ഭക്ഷണ വിതരണം നടത്തുകയായിരുന്നു മുസ്‍ലിം യൂത്ത് ലീഗിന്റെ സന്നദ്ധ സംഘടനയായ വൈറ്റ് ഗാർഡ്. കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് നിന്നുള്ള വൈറ്റ് ഗാർഡ് സംഘം കള്ളാട് മഖാം കേന്ദ്രീകരിച്ചാണ് ഭക്ഷണ വിതരണം നടത്തിയിരുന്നത്. ദിവസവും ആയിരത്തിലധികം ആളുകൾക്കാണ് മൂന്ന് നേരവും രാത്രി രക്ഷാപ്രവർത്തകർ തിരികെ പോകും വരെയും ഭക്ഷണ വിതരണം നടത്തിയിരുന്നത്.


എന്നാൽ ഇവരുടെ ഭക്ഷണ വിതരണം നിർത്തണമെന്ന നിർദ്ദേശം പൊലീസ് നൽകിയിരിക്കുകയാണ്. നിങ്ങളുടെ സേവനം ഇവിടെ ആവശ്യമില്ലെന്നും നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കില്‍ ഇവിടെ ഒരു ചുക്കുമില്ലെന്നും ഡിഐജി തോംസണ്‍ ജോസ് പറഞ്ഞതായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. സമൂഹ മാധ്യമങ്ങളിൽ ഇതിനെതിരെ വിമർശനങ്ങൾ ശക്തമാവുകയാണ്. ദുരന്ത മുഖത്തുള്ളവരുടെ അന്നം മുടക്കിയായി പൊലീസ് മാറിയെന്നാണ് പ്രധനമായും ഉയരുന്ന ആക്ഷേപം.

Post a Comment

Previous Post Next Post
Join Our Whats App Group