ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ട് ഇന്ന് പുറത്തുവിടില്ല. നടി രഞ്ജിനി ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഹർജി തിങ്കളാഴ്‌ച ഹൈക്കോടതി പരിഗണിക്കും. അതേസമയം റിപ്പോർട്ട് പുറത്ത് വിടുന്നതിൽ തനിക്ക് എതിർപ്പില്ലെന്നും കണ്ടിട്ട് പുറത്തുവിടാമെന്നും രഞ്ജിനി പറഞ്ഞു.
റിപ്പോർട്ടിൽ തൻ്റെ മൊഴിയുടെ ഉള്ളടക്കം എന്താണെന്ന് അറിയാൻ തനിക്ക് അവകാശമുണ്ടെന്നും രഞ്ജിനി കൂട്ടിച്ചേർത്തു. മൊഴി രഹസ്യമായിരിക്കുമെന്ന് കമ്മിറ്റി ഉറപ്പുതന്നിരുന്നു. അതുകൊണ്ടാണ് താൻ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചതെന്നും രഞ്ജിനി പറഞ്ഞു.
ഇന്ന് രാവിലെ 11ന് റിപ്പോർട്ട് പുറത്തുവിടും എന്നായിരുന്നു സംസ്കാരിക വകുപ്പ് ഔദ്യോഗികമായി അറിയിച്ചത്. വ്യക്തിഗത വിവരങ്ങൾ ഒഴിവാക്കി റിപ്പോർട്ടിലെ 233 പേജ് കൈമാറാനായിരുന്നു സാംസ്കാരിക വകുപ്പിന്റെ തീരുമാനം. എന്നാൽ ഇന്നലെ രാത്രിയോടെ നടി രഞ്ജിനി തടസവാദവുമായി സർക്കാറിനെ സമീപിച്ചതാണ് ആശയക്കുഴപ്പത്തിന് വഴിയൊരുക്കിയത്. റിപ്പോർട്ട് പുറത്തുവിടരുതെന്നാണ് ഹർജിലിലെ രഞ്ജിനിയുടെ ആവശ്യം.
വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ റിപ്പോർട്ടർ പ്രിൻസിപ്പാൾ കറസ്പോണ്ടന്റ് ആർ റോഷിപാൽ ഉൾപ്പെടെ ഏഴ് പേർക്ക് ഇന്ന് റിപ്പോർട്ടിന്റെ പകർപ്പ് നൽകുമെന്നായിരുന്നു സാംസ്കാരിക വകുപ്പ് അറിയിച്ചത്. പുതിയ സാഹചര്യത്തിൽ നിയമ പരിശോധനയ്ക്ക് ശേഷമാകും റിപ്പോർട്ട് പുറത്തുവിടുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കുക.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ യാതൊരു പ്രതിസന്ധിയുമില്ലെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി അറിയിച്ചു. രഞ്ജിനിയുടെ ഹർജി തള്ളുമെന്നാണ് പ്രതീക്ഷയെന്നും ഹേമ കമ്മറ്റി റിപ്പോർട്ട് ഉടൻ പുറത്ത് വിടുമെന്നും സതീദേവി അറിയിച്ചു. ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ല.സ്വകാര്യത മാനിച്ചുകൊണ്ടായിരിക്കും റിപ്പോർട്ട് പുറത്ത് വിടുകയെന്നും പി സതീദേവി പറഞ്ഞു.
Post a Comment