കോഴിക്കോട്: കര്‍ണാടകത്തിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കലിലെ ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്തുന്നതിനു സ്വതന്ത്രമായി തെരച്ചില്‍ നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നു നീന്തല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെ. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് അര്‍ജുന്റെ വീടു സന്ദര്‍ശിച്ചശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
അര്‍ജുനെ പുഴയിലിറങ്ങി തെരയാന്‍ തയാറായിട്ടും കര്‍ണാടക പോലീസ് അനുമതി നല്‍കുന്നില്ല. ഒരു ദിവസം പുഴയില്‍ ഇറങ്ങിയാല്‍ രണ്ടു ദിവസം കരയില്‍ ഇരിക്കേണ്ടിവരുന്നു. ഒളിച്ചുപോയി ഡൈവിംഗ് നടത്തേണ്ട സാഹചര്യം വരെയുണ്ടായി. ഇപ്പോള്‍ കുറച്ചുദിവസമായി തെരച്ചില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
അര്ജുന് ഓടിച്ച ലോറിയുണ്ടെന്നു കരുതുന്ന സ്ഥലത്തു പതിനഞ്ചടിയോളം മണ്ണുണ്ട്. ഇതു മാറ്റാന്‍ ഡ്രഡ്ജിംഗ് യന്ത്രം കൊണ്ടുവരണം. അഞ്ചുദിവസത്തിനകം കൊണ്ടുവരുമെന്നാണു പറഞ്ഞിരുന്നത്. എന്നാല്‍ ഇതുവരെ എത്തിയിട്ടില്ല. ഡ്രഡ്ജിംഗ് മെഷിന് കമ്പനി ആദ്യം അരക്കോടി രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. പിന്നീടത് ഒരുകോടിയാക്കി.
കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം നീട്ടുകയാണ്. ഫണ്ട് അനുവദിക്കുന്നതില്‍ ആശയക്കുഴപ്പം നിലനില്ക്കുന്നു. സര്‍ക്കാര്‍ അനുമതിയില്ലാത്തതിന്റെ പേരില്‍ തീരുമാനം നീളുകയാണ്. കേരളം ഇടപെട്ടാല്‍ മാത്രമേ ഇക്കാര്യത്തില്‍ പുരോഗതി ഉണ്ടാവുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
ഡ്രഡ്ജിംഗ് മെഷിന് കൊണ്ടുവരുമെന്ന് സ്ഥലം എംഎല്‍എ മൂന്നുതവണ പറഞ്ഞു. എന്നിട്ടും ഇതുവരെ വന്നിട്ടില്ല. യന്ത്രം വന്നാല്‍ മാത്രമേ ഇനി തെരച്ചില്‍ നടക്കുകയുള്ളു.സ്വന്തം റിസ്കില്‍ തെരയാന്‍ തയാറായിട്ടും പോലീസിന്റെ അനുമതി കിട്ടുന്നില്ല. കേരളം നല്കുന്ന പിന്തുണ കര്‍ണാടകയിൽനിന്നു കിട്ടുന്നില്ല.
34 ദിവസമായി അര്‍ജുനെ കാണാതായിട്ട്. കുടുംബത്തിന്റെ കണ്ണീര് കാണാന്‍ പറ്റില്ല. അത്രയും വിഷമത്തിലാണു കുടുംബം. അര്ജുന് ഓടിച്ച ലോറിയുടെ ജാക്കിയും തടി കെട്ടിയ കയറും കിട്ടയത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ലോറി അവിടെയുണ്ടാകുമെന്നാണു വിശ്വസിക്കുന്നത്.
ആയിരം മൃതദേഹങ്ങള്‍ താന്‍ പുറത്തെടുത്തിട്ടുണ്ട്. 65 പേരെ രക്ഷപ്പെടുത്തി. പോലീസിനു കടലില്‍ നീന്തുന്നതിനു പരിശീലനം നല്‍കുന്നയാളാണ്. എന്നിട്ടും പുഴയിലിറങ്ങാന്‍ അനുമതി നിഷേധിക്കുന്നു. സ്വതന്ത്രമായി ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല. കേരളം ഇടപെട്ടിരുന്നില്ലെങ്കില്‍ ഇത്രയെങ്കിലും തെരച്ചില്‍ നടക്കുമായിരുന്നില്ല. ഇനിയും തെരച്ചില്‍ തുടരുന്നതിനു കേരള സര്‍ക്കാരിന്റെയും ജനതയുടെയും സമ്പൂര്‍ണ പിന്തുണ ആവശ്യമാണെന്നും ഈശ്വർ മൽപെ പറഞ്ഞു.
Post a Comment