തൊടുപുഴ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംഘടനകൾ ഓണാഘോഷ പരിപാടികൾ വേണ്ടെന്നു വച്ചതോടെ ഓണക്കാലത്തു ലഭിക്കേണ്ട വരുമാനം ഇല്ലാതാകുമോ എന്ന ആശങ്കയിൽ സ്റ്റേജ് കലാകാരന്മാർ. സംസ്ഥാന സർക്കാരിന്റെ ഓണാഘോഷ പരിപാടികൾ റദ്ദാക്കിയതിനു പിന്നാലെയാണ് വിവിധ ക്ലബ്ബുകളും സംഘടനകളും ഓണാഘോഷം ഒഴിവാക്കുന്നത്.
ആഘോഷം ഒഴിവാക്കി അതിനായുള്ള തുക വയനാട് ദുരിത ബാധിതരെ സഹായിക്കാനാണ് പല സംഘടനകളും തയാറെടുക്കുന്നത്. നേരത്തേ ബുക്ക് ചെയ്തിരുന്ന ഗാനമേള ഉൾപ്പെടെയുള്ള കലാപരിപാടികൾ പലരും റദ്ദാക്കിത്തുടങ്ങി. ഇതോടെ ഓണപ്പരിപാടികൾ സ്വപ്നം കണ്ടിരുന്ന സ്റ്റേജ് കലാകാരന്മാർ ഉൾപ്പെടെ വിവിധ തൊഴിൽ മേഖലയിലുള്ളവർ നിരാശയിലാണ്.
മേയ് പകുതിയോടെ ഉത്സവകാലം അവസാനിച്ചാൽപിന്നെ കലാകാരൻമാരുടെ പ്രതീക്ഷ പുതിയ സീസണ് തുടങ്ങുന്ന ഓണക്കാലത്താണ്. സീസണ് പ്രോഗ്രാമിൽനിന്നു മിച്ചം പിടിച്ചതും പലരിൽ നിന്നു കടം വാങ്ങിയതുംകൊണ്ടാണ് ഇതിനിടയിലുള്ള മാസങ്ങളിൽ പല കലാകാരന്മാരും കുടുംബം പുലർത്തുന്നത്.
എന്നാൽ ഓണക്കാലത്ത് ലഭിക്കാനിടയുണ്ടായിരുന്ന കലാപരിപാടികൾ നടക്കുമോ ഇല്ലയോ എന്ന് ഉറപ്പില്ലാത്ത അവസ്ഥയാണ്. പരിചയത്തിന്റെ പേരിൽ വാക്കാലാണ് പല ബുക്കിംഗുകളും ലഭിച്ചത്. ഇതാണ് വീണ്ടും അന്വേഷിക്കുന്പോൾ റദ്ദാക്കിയതായി അറിയിക്കുന്നതെന്ന് കലാകാരൻമാർ പറയുന്നു.
ഗാനമേള, നാടൻപാട്ട് തുടങ്ങിയ പരിപാടികളുടെ ബുക്കിംഗാണ് സംഘാടകർ പിൻവലിച്ചുതുടങ്ങിയത്. ഇതോടെ മൈക്ക് സെറ്റ്, ലൈറ്റ്, പന്തൽ തൊഴിലാളികളും ആശങ്കയിലാണ്. പ്രകൃതി ദുരന്തത്തിനിരയായ വയനാട് ജനതയെ ചേർത്തു നിർത്തുന്നതിനൊപ്പം കലാകാരന്മാരെയും പരിഗണിക്കണമെന്ന അപേക്ഷയാണ് ഇവർക്കുള്ളത്.
പ്രളയം വന്നപ്പോഴും പിന്നീട് കോവിഡ് കാലത്തും കലാപരിപാടികൾ റദ്ദാക്കിയതോടെ ആദ്യം കടുത്ത ദുരിതത്തിലായത് സ്റ്റേജ് കലാകാരൻമാരാണെന്ന് തൊടുപുഴയിലെ പ്രോഗ്രാം ബുക്കിംഗ് ഏജന്റ് ബിജു അഞ്ജലി പറയുന്നു. ഇതോടെ സാധാരണക്കാരായ കലാകാരൻമാർ ഇപ്പോൾ ആശങ്കയിലാണ്. ഓണാഘോഷത്തിന്റെ ഭാഗമായി ബുക്ക് ചെയ്ത കലാപരിപാടികൾ പലതും സംഘാടകർ വിളിച്ചു റദ്ദാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Post a Comment