Join News @ Iritty Whats App Group

'നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കിലും ഒരു ചുക്കുമില്ല'; പൊലീസ് ഭക്ഷണവിതരണം തടഞ്ഞെന്ന് വൈറ്റ് ഗാര്‍ഡ്

വയനാട്: മുണ്ടക്കൈ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും മുസ്‌ലിം യൂത്ത് ലീഗിന്റെ സന്നദ്ധ സംഘടനയായ വൈറ്റ് ഗാര്‍ഡ് നടത്തിവന്ന ഭക്ഷണവിതരണം നിര്‍ത്തിവെപ്പിച്ച് പൊലീസ്. കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് നിന്നുള്ള വൈറ്റ് ഗാര്‍ഡ് സംഘം കള്ളാട് മഖാം കേന്ദ്രീകരിച്ച് കഴിഞ്ഞ നാല് ദിവസമായി ഭക്ഷണ വിതരണം നടത്തിയിരുന്നു.


എന്നാല്‍ ഇന്നലെ ഇവരോട് ഭക്ഷണ വിതരണം നിര്‍ത്തണം എന്ന് ഡി ഐ ജി തോംസണാണ് ആവശ്യപ്പെട്ടത്. മാത്രമല്ല പൊലീസ് ഉദ്യോഗസ്ഥര്‍ പദവിക്ക് നിരക്കാത്ത ഭാഷ ഉപയോഗിച്ച് തങ്ങളെ ആക്ഷേപിക്കുകയും ചെയ്തു എന്ന് വൈറ്റ് ഗാര്‍ഡ് അംഗം ആരോപിച്ചു.  രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന വിവിധ സേനകളിലുള്ള ആയിരത്തിലധികം പേര്‍ക്കാണ് മൂന്ന് നേരവും വൈറ്റ് ഗാര്‍ഡ് ഭക്ഷണം നല്‍കിയിരുന്നത്.


രാവിലെ തുടങ്ങുന്ന ഭക്ഷണ വിതരണം രാത്രി രക്ഷാപ്രവര്‍ത്തകര്‍ തിരികെ പോകുന്നത് വരെ തുടരും. രക്ഷാദൗത്യത്തിന് പോകുന്നവര്‍ക്ക് ഭക്ഷണം പാഴ്‌സലായും നല്‍കിയിരുന്നു. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഭക്ഷണവുമായി പോകുമ്പോഴാണ് പൊലീസ് തടഞ്ഞത് എന്നാണ് ഇവര്‍ പറയുന്നത്.


ഭക്ഷണം ലഭിക്കാതെ ഒരുപാട് പേരുണ്ട് എന്ന് നാട്ടുകാരന്‍ കൂടിയായ പഞ്ചായത്ത് മെമ്പറിന് ലഭിച്ച വിവരത്തെ തുടര്‍ന്ന് തങ്ങള്‍ പാഴ്‌സലുമായി അവിടേക്ക് പോകുമ്പോഴാണ് പൊലീസ് തടഞ്ഞത് എന്ന് വൈറ്റ് ഗാര്‍ഡ് അംഗം പറഞ്ഞു. 'പൊലീസ് അങ്ങോട്ടേക്ക് കടത്തി വിടാതിരിക്കുകയും ഞങ്ങളുമായി തര്‍ക്കത്തിലാവുകയും ചെയ്തു. പിന്നീട് പഞ്ചായത്ത് മെമ്പറുമായി സംസാരിച്ചതിന് ശേഷം വണ്ടി കടത്തിവിടുകയായിരുന്നു,' അദ്ദേഹം പറഞ്ഞു.

അതേസമയം തിരികെ വരുമ്പോള്‍ പൊലീസ് വീണ്ടും തടഞ്ഞെന്നും പിന്നീട് തങ്ങളെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് കൊണ്ടുപോയെന്നും ഇയാള്‍ പറഞ്ഞു. അവിടെ ഡിഐജി തോംസണുമായി സംസാരിച്ചപ്പോള്‍ ഇനി ഞങ്ങളുടെ സേവനം ആവശ്യമില്ല എന്നാണ് പറഞ്ഞാണ്. ' ഇവിടെ റവന്യുവിന്റെ ഭക്ഷണം ഉണ്ട്. ഫയര്‍ഫോഴ്‌സും മറ്റ് സേനാംഗങ്ങളുമൊക്കെയുണ്ട്. ഞങ്ങള്‍ക്ക് നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കിലും ഒരു പുല്ലുമില്ല, ചുക്കുമില്ല എന്നൊക്കെയാണ് പറഞ്ഞത്,' അദ്ദേഹം പറഞ്ഞു.

ഇവിടെയിപ്പോള്‍ ജെസിബിയാണ് പണിയെടുക്കുന്നതെന്നും സന്നദ്ധസേവകരെന്ന് പറഞ്ഞുവരുന്നവര്‍ വടിയും കുത്തിപ്പിടിച്ചു വെറുതേ നോക്കി നില്‍ക്കുകയാണെന്ന് ഡി ഐ ജി പറഞ്ഞതായും അത് തങ്ങള്‍ക്ക് വളരെ പ്രായസമുണ്ടാക്കി എന്നും വൈറ്റ് ഗാര്‍ഡ് അംഗം ആരോപിച്ചു. ഇനി ഭക്ഷണം വിതരണം ചെയ്താല്‍ നിയമപരമായി നടപടിയെടുക്കും എന്നാണ് പറഞ്ഞിരിക്കുന്നത്.

' ഒരു അതോറിറ്റിയാണ് ഇങ്ങനെ പറഞ്ഞത് എന്നുള്ളതുകൊണ്ട് തന്നെ ഞങ്ങള്‍ ഭക്ഷണ വിതരണം അവസാനിപ്പിക്കുകയാണ്. അക്കാര്യം ഇവിടുത്തെ നാട്ടുകാരെയും അറിയിച്ചിട്ടുണ്ട്. ഭക്ഷണമുണ്ടാക്കാനായി ഒരുപാട് സാധനങ്ങള്‍ വാങ്ങി വെച്ചിരുന്നു. അതെല്ലാം എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്ക് അറിയില്ല', വൈറ്റ് ഗാര്‍ഡ് അംഗം പറഞ്ഞു. ഭക്ഷണ വിതരണം നിര്‍ത്തണമെന്ന നിര്‍ദ്ദേശം പൊലീസ് നല്‍കിയതിന് പിന്നാലെ നിരാശയോടെ മടങ്ങുകയാണ് വൈറ്റ് ഗാര്‍ഡിന്റെ ചെറുപ്പക്കാര്‍.

Post a Comment

Previous Post Next Post
Join Our Whats App Group