Join News @ Iritty Whats App Group

ഇനി കൂടുതൽ യന്ത്രങ്ങൾ ഉപയോഗിച്ച് ഊർജിതമായി രക്ഷാപ്രവർത്തനം; കണ്ടെത്തേണ്ടത് നിരവധിപേരെ, ദുരിതാശ്വാസ ക്യാമ്പുകളിൽ 9328 പേര്‍


ബെയ്‌ലി പാലം കൂടി പൂർത്തിയായതോടെ ഇനി കൂടുതൽ യന്ത്രങ്ങൾ ഉപയോഗിച്ച് ഊർജിതമായി രക്ഷാപ്രവർത്തനം നടത്തും. പ്രതികൂല കാലാവസ്ഥമൂലം ഇന്നും തിരച്ചിൽ നിർത്തിവയ്ക്കുകയായിരുന്നു. നാല്പതിലധികം മൃദദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്. അതേസമയം 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

പ്രദേശത്തെ കനത്ത മഴയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്. പ്രതികൂല കാലാവസ്ഥയ്‌ക്കൊപ്പം കെട്ടിട അവശിഷ്ടങ്ങളും കൂറ്റന്‍പാറകളും അടിഞ്ഞുകൂടിയ ചെളിയും രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ ദുഷ്‌കരമാക്കുകയാണ്. ഡ്രോണിന്റെയും മറ്റ് സാങ്കേതിക വിദ്യകളുടെയും സഹായം തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമാണെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

അതിനിടെ കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഉപയോഗിച്ച ഡ്രോണ്‍ വയനാട്ടിലേക്കെത്തിക്കാന്‍ തീരുമാനമായി. റിട്ട മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ സംഘത്തിന്റെ സഹായവും വയനാട്ടിലേക്ക് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തെര്‍മല്‍ സ്‌കാനിംഗും ഡ്രോണ്‍ പരിശോധനയും നടത്തും. ഇതുകൂടാതെ മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ ഐബോഡ് പരിശോധനയും നടത്തും. റിട്ട മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ നേതൃത്വത്തിലായിരിക്കും ഐബോഡ് പരിശോധന നടത്തുക.

വയനാട്ടിൽ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരെ മാറ്റിതാമസിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 9 ക്യാമ്പുകള്‍ ഉള്‍പ്പെടെയാണിത്. 2704 കുടുംബങ്ങളിലെ 3393 പുരുഷന്‍മാരും 3824 സ്ത്രീകളും 2090 കുട്ടികളും 21 ഗര്‍ഭിണികളുമാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായിട്ടുള്ള അവശ്യ വസ്തുക്കള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കുന്നുണ്ട്. റേഷന്‍ കടകളിലും സപ്ലൈകോ വില്‍പനശാലകളിലും ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group