Join News @ Iritty Whats App Group

ഇനി 8, 9 ക്ലാസുകളില്‍ ഓള്‍പാസ് ഇല്ല; പത്താംക്ലാസിൽ ഓരോ വിഷയത്തിനും മിനിമം മാര്‍ക്ക് നിർബന്ധമാക്കി സര്‍ക്കാര്‍


തിരുവനന്തപുരം: സംസ്ഥാന സിലബസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജൂണ്‍മാസത്തില്‍ ചേര്‍ന്ന സംസ്ഥാന വിദ്യാഭ്യാസ കോണ്‍ക്ലേവിലെ നിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് തീരുമാനം,

എട്ട്, ഒമ്പത് ക്ലാസുകളില്‍ ഇനിമുതല്‍ ഓള്‍പാസ് ഉണ്ടാകില്ല. വിജയിക്കാന്‍ ഇനി മിനിമം മാര്‍ക്ക് നിര്‍ബന്ധമാകും. ആദ്യം എട്ടാം ക്ലാസിലും പിന്നാലെ ഒമ്പതാം ക്ലാസിലും തുടര്‍ന്ന് പത്താം ക്ലാസിലും മിനിമം മാർക്ക് നിര്‍ബന്ധമാകും. ഈ അധ്യയന വര്‍ഷം മുതല്‍ എട്ടാം ക്ലാസില്‍ ഓള്‍ പാസ് ഉണ്ടാവില്ല. 2026-27 അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഈ മിനിമം മാര്‍ക്ക് രീതിയിലാണ് നടക്കുക പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നത് സംബന്ധിച്ചാണ് വിദ്യാഭ്യാസ കോണ്‍ക്ലേവ് നടന്നത്. ഇതിന്റെ റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടാണ് മന്ത്രിസഭ അംഗീകരിച്ചത്. ഇതുപ്രകാരം പത്താം ക്ലാസിലും ഓരോ വിഷയത്തിനും മിനിമം മാര്‍ക്ക് വിജയിക്കാന്‍ നിര്‍ബന്ധമാക്കും. എഴുത്ത് പരീക്ഷയ്ക്ക് പുറമെ നിരന്തര മൂല്യനിര്‍ണയത്തിനും മിനിമം മാര്‍ക്ക് നിര്‍ബന്ധമാകും. നിലവില്‍ രണ്ടിനുംകൂടി ചേർത്താണ് വിജയിക്കാന്‍ ആവശ്യമായ മാര്‍ക്ക് കണക്കാക്കുന്നത്. ഇനി ഈ രീതി മാറും. ഇതേരീതി എട്ടിലും ഒമ്പതിലും നടപ്പിലാക്കാനാണ് തീരുമാനം.

ഓള്‍ പാസ് നല്‍കുന്നത് സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്നുവെന്ന് കോണ്‍ക്ലേവില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതുകൂടി പരിഗണിച്ചാണ് തീരുമാനം.

Post a Comment

Previous Post Next Post
Join Our Whats App Group