ഇരിട്ടി: വയനാട് കരിന്തളം 400 കെ വി ലൈനിന്റെ കെ എസ് ഇ ബി പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് സ്വീകാര്യമല്ലെന്ന് സംയുക്ത ആക്ഷൻ കൗൺസിൽ. എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ് എന്നിവരുടെ അധ്യക്ഷതയിൽ ഇരിട്ടി പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ ചേർന്ന സംയുക്ത ആക്ഷൻ കൗൺസിലിന്റെ യോഗത്തിലാണ് തീരുമാനം. ഒരു വർഷമായി പ്രവർത്തി മുടങ്ങിക്കിടക്കുന്ന 400 കെ വി ലൈൻ വലിക്കൽ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി കെഎസ്ഇബി പുറത്തിറക്കിയ കർണ്ണാടക മോഡൽ നഷ്ടപരിഹാര പാക്കേജിനെക്കുറിച്ച് ചർച്ച ചെയ്യാനും പുനർ നടപടികൾ ആലോചിക്കാനുമായിട്ടായിരുന്നു യോഗം ചേർന്നത്. കർണ്ണാടക പാക്കേജിനെ നേരത്തെത്തന്നെ കർമ്മസമിതി അംഗങ്ങൾ തള്ളിയിരുന്നു. തുടർ സാഹചര്യത്തിൽ 3ന് നടക്കുന്ന ഉന്നത തല ചർച്ചയിൽ എടുക്കേണ്ട നിലപാടുകളെ കുറിച്ചും യോഗം ചർച്ച ചെയ്തു. മൂന്നിന് നടക്കുന്ന യോഗത്തിന് മുന്നോടിയായി 1ന് രാവിലെ 10.30 ന് ഉളിക്കൽ പഞ്ചായത്ത് ഓഫീസിൽ ഭാരവാഹികളുടെ യോഗം ചേരാനും ചൊവ്വാഴ്ച നടന്ന യോഗത്തിൽ തീരുമാനമായി.
പദ്ധതി നടപ്പിലാകുമ്പോൾ വയനാടുമുതൽ കരിന്തളം വരെ വരുന്ന 125 കിലോമീറ്റർ ദൂരത്തിൽ 1500 ഏക്കറിൽ അധികം വരുന്ന കർഷകരുടെ കൃഷിഭൂമിയാണ് നഷ്ടമാകുന്നത്. നിലവിലെ നഷ്ടപരിഹാര പാക്കേജ് പ്രകാരം 50 ലക്ഷം രൂപ വില വരുന്ന ഒരേക്കർ സ്ഥലത്തിന് രണ്ടു ലക്ഷം രൂപപോലും ലഭിക്കില്ല എന്നും സമിതി കുറ്റപ്പെടുത്തി. നിലവിലെ പാക്കേജുകൾ തള്ളിയ സമിതി മാർക്കറ്റ് വില അടിസ്ഥാനപ്പെടുത്തി പ്രത്യേക പാക്കേജ് രൂപീകരിക്കണം എന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. കെഎസ്ഇബി പ്രഖ്യാപിച്ച കർണാടക മോഡൽ പാക്കേജ് നൊപ്പം സർക്കാരിന്റെ പ്രത്യേക പാക്കേജ് കൂടി ഉൾപ്പെടുത്തുമ്പോൾ കർഷകന് ന്യായമായ നഷ്ടപരിഹാരം ലഭിക്കുമെന്നും യോഗം വിലയിരുത്തി. മണിക്കടവ് ഫൊറോന വികാരി ഫാ. പയസ് പടിഞ്ഞാറേമുറി , പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി. ഷാജി, കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, മിനി ഷൈബി, ജോബി മാത്യു കണ്ണികാട്, മുൻ പഞ്ചായത്ത് പ്രസിഡന്റ് പൈലി വാത്യാട്ട് , ആക്ഷൻ കമ്മറ്റി ചെയർമാൻ തോമസ് വർഗീസ്, ആക്ഷൻ കമ്മറ്റി കൺവീനർ ബെന്നി പുതിയാംമ്പുറം, പഞ്ചായത്ത് അംഗങ്ങൾ, കർഷകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു .
Post a Comment