ന്യൂഡല്‍ഹി: നാലാമതും പെണ്‍കുഞ്ഞിനു ജന്മം നല്‍കിയതില്‍ നാട്ടുകാര്‍ പരിഹസിക്കുമെന്നു ഭയന്ന് ഇരുപത്തിയെട്ടുകാരി നവജാത ശിശുവിനെ കൊലപ്പെടുത്തി. ഡല്‍ഹിയിലാണ് സംഭവം. ആറു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി ശരീരം ബാഗിലാക്കി സമീപത്തെ ടെറസിലേക്കു വലിച്ചെറിയുകയായിരുന്നു.
കുഞ്ഞിനെ കാണാനില്ലെന്നു കാണിച്ച് ലഭിച്ച പരാതിയിലാണ് അന്വേഷണം തുടങ്ങിയതെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ അഞ്ചരയ്ക്കാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചത്. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. തലേ ദിവസമാണ് ആശുപത്രിയില്‍ നിന്നു വീട്ടില്‍ എത്തിയതെന്ന് കുഞ്ഞിന്റെ അമ്മ പറഞ്ഞു. പുലര്‍ച്ചെ രണ്ടു മണിക്കും കുഞ്ഞിനെ മുലയൂട്ടിയിരുന്നു. നാലരയ്ക്ക് നോക്കിയപ്പോള്‍ കുഞ്ഞിനെ കാണുന്നില്ലെന്നാണ് അവര്‍ ആദ്യം പൊലീസിനോടു പറഞ്ഞത്.
പൊലീസ് സമീപത്തു തെരച്ചില്‍ തുടങ്ങിയപ്പോള്‍ കുഞ്ഞിന്റെ അമ്മ ആശുപത്രിയില്‍ പോവണമെന്ന് ആവശ്യപ്പെട്ടത് സംശയത്തിന് ഇടയാക്കി. സ്റ്റിച്ച് എടുക്കുന്നതിനായി ആശുപത്രിയില്‍ പോവണമെന്നാണ് അവര്‍ പറഞ്ഞത്. ഇവരെ പോവാന്‍ അനുവദിച്ചെങ്കിലും പൊലീസ് പരിശോധന തുടര്‍ന്നു. സമീപത്തെ ടെറസില്‍ ബാഗിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് കുഞ്ഞിന്റെ അമ്മയെ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. നാലാമതും പെണ്‍കുഞ്ഞ് പിറന്നതില്‍ സമൂഹത്തിലെ പരിഹാസം ഭയന്നാണ് കൊല നടത്തിയതെന്ന് അമ്മ പറഞ്ഞു. നേരത്തെ ജനിച്ച രണ്ടു കുട്ടികളും വ്യത്യസ്ത സാഹചര്യങ്ങളില്‍ മരിച്ചിരുന്നു.
രാത്രി തന്നെ കുഞ്ഞിനെ കൊലപ്പെടുത്തി ബാഗിലാക്കി ടെറസില്‍ എറിഞ്ഞു. വീട്ടുകാര്‍ അറിയുന്നതിനു മുമ്പ് കുഞ്ഞിനെ കാണാനില്ലെന്ന് പറയുകയായിരുന്നു.
Post a Comment